മധ്യസ്ഥ വ്യവസ്ഥ; കരാറിൽ സ്റ്റാമ്പില്ലെങ്കിലും അസാധുവാകില്ല -സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: മധ്യസ്ഥ വ്യവസ്ഥയോടനുബന്ധിച്ച് കക്ഷികൾ തയാറാക്കുന്ന കരാറിൽ സ്റ്റാമ്പില്ലെങ്കിലും മതിയായ സ്റ്റാമ്പില്ലാതിരുന്നാലും നിയമപരമായി നിലനിൽക്കുമെന്ന് സുപ്രീംകോടതി. ഇത്തരം പോരായ്മകൾ പരിഹരിക്കാമെന്നും എന്നാൽ, കരാർ അസാധുവാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് വിധിച്ചു.
സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ചരിത്ര വിധി. തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ വ്യവസ്ഥയിലൂടെ കക്ഷികൾ തമ്മിൽ ഏർപ്പെടുന്ന കരാറിൽ സ്റ്റാമ്പില്ലാതിരിക്കുകയോ മതിയായ സ്റ്റാമ്പില്ലാതാകുകയോ ചെയ്താൽ നടപ്പാക്കാൻ ബാധ്യതയില്ലെന്നായിരുന്നു ഈ വർഷം ഏപ്രിലിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചത്.
സ്റ്റാമ്പില്ലാതെ തയാറാക്കിയാൽ കരാർ അസാധുവാകില്ലെന്നും ഇത് പരിഹരിക്കാമെന്നും തെളിവിന്റെ അടിസ്ഥാനത്തിൽ സ്വീകാര്യമാണെന്നുമാണ് ബുധനാഴ്ച ഏഴംഗ ബെഞ്ച് ഐകകണ്ഠ്യേന വിധിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ബി.ആർ. ഗവായ്, സൂര്യകാന്ത്, ജെ.ബി. പർദിവാല, മനോജ് മിശ്ര, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. കരാറിലെ സ്റ്റാമ്പുമായി ബന്ധപ്പെട്ട് എതിർപ്പുണ്ടെങ്കിൽ ഇത് ആർബിട്രൽ ട്രൈബ്യൂണലിന്റെ പരിധിയിൽ വരുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ തിരുത്തൽവരുത്താനുള്ള ഹരജി സുപ്രീംകോടതി ഏഴംഗബെഞ്ചിന് വിടുകയായിരുന്നു. ചില മുതിർന്ന അഭിഭാഷകരുടെ അഭ്യർഥനയും കോടതി പരിഗണിച്ചു. തിരുത്തൽവരുത്താനുള്ള ഹരജി തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് ജൂലൈ എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.