കാർഗിൽ വിജയദിനത്തിൽ പാകിസ്താന് താക്കീതുമായി കരസേന മേധാവി
text_fieldsന്യൂഡൽഹിയിലെ 'കാർഗിൽ വിജയ് ദിവസ്' 26-ാം വാർഷികത്തിൽ ദേശീയ യുദ്ധ സ്മാരകത്തിൽ കാർഗിൽ യുദ്ധ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് എന്നിവർ സമീപം
ദ്രാസ് (കാർഗിൽ)/ന്യൂഡൽഹി: കാർഗിൽ വിജയദിനത്തിൽ പാകിസ്താന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാക് ഭീകരതക്കുള്ള മറുപടിയാണ് ഓപറേഷൻ സിന്ദൂറിലൂടെ നൽകിയതെന്നും ഭീകരതയെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ദ്രാസ് യുദ്ധസ്മാരകത്തിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി. ഭീകരവാദത്തെ പിന്തുണക്കുന്നവരെ വെറുതെ വിടില്ലെന്ന സന്ദേശമാണ് ഓപറേഷൻ സിന്ദൂർ. പഹൽഗാം ഭീകരാക്രമണത്തോടുള്ള പ്രതികരണമെന്നതുപോലെ, പാകിസ്താനുള്ള സന്ദേശവുമായിരുന്നു അത്. നാട്ടുകാർ കാണിച്ച വിശ്വാസവും സർക്കാർ നൽകിയ സ്വാതന്ത്ര്യവും കാരണം ഇന്ത്യൻ സൈന്യം ഉചിതമായി പ്രതികരിച്ചു. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയെ വെല്ലുവിളിക്കാനോ ജനങ്ങളെ ദ്രോഹിക്കാനോ ശ്രമിക്കുന്ന ഏതൊരു ശക്തിക്കും ഉചിതമായ മറുപടി നൽകും- അദ്ദേഹം പറഞ്ഞു. കാര്ഗിൽ യുദ്ധവിജയത്തിന്റെ 26ാം വാർഷികത്തോട് അനുബന്ധിച്ചാണ് ചടങ്ങ് നടത്തിയത്.
കാർഗിൽ വിജയദിനത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുർമു എക്സിൽ കുറിച്ചു.
കാർഗിൽ വിജയദിനം സൈനികരുടെ സമാനതകളില്ലാത്ത ധൈര്യത്തിന്റെ ഓർമപ്പെടുത്തലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിൽ അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.