കർണാടകയിൽ എച്ച് 5 എൻ 1 വൈറസ് ബാധിച്ച് 40 ഓളം മയിലുകൾ ചത്തു; കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച് തുമകൂർ ജില്ല
text_fieldsപ്രതീകാത്മക ചിത്രം
കർണാടകയിലെ തുമകൂർ ജില്ലയിൽ എച്ച് 5 എൻ 1 വൈറസ് ബാധിച്ച് 40 ഓളം മയിലുകൾ ചത്തതായി ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്യാൺ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് പ്രഭവകേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. നന്നായി വേവിച്ച മാംസം മാത്രമേ കഴിക്കാവൂ എന്ന് ഡെപ്യൂട്ടി കമീഷണർ ശുഭ കല്യാൺ ജനങ്ങളോട് നിർദ്ദേശിച്ചു.
'തുംകൂരിൽ കാട്ടുപക്ഷികളും മയിലുകളും ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏകദേശം 40 മയിലുകൾ ചത്തു. അതിനാൽ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി അയച്ചിരുന്നു. ഇന്നലെയാണ് എച്ച് 5 എൻ 1 വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ലാബിൽ നിന്ന് ഞങ്ങൾക്ക് റിപ്പോർട്ടും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ റാപിഡ് റസ്പോൺസ് ടീം തുടർച്ചയായി നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്'. ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
'ഈ പ്രദേശത്ത് ഏകദേശം 31 കോഴിക്കടകളും 10 ഓളം ഫാമുകളും ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഇന്ന് ചത്ത പക്ഷികളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ആളുകൾ നന്നായി വേവിച്ച മാംസം മാത്രം കഴിക്കുക. ജില്ലാ ഭരണകൂടം തയ്യാറാണ്, ടീമുകളും സ്ഥലത്തുണ്ട് ' അവർ കൂട്ടിച്ചേർത്തു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന്, മാർച്ചിൽ ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ സർക്കാർ നടത്തുന്ന കോഴി ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ജില്ലാ ഭരണകൂടം എല്ലാവിധ കോഴി ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) അഭിപ്രായത്തിൽ, പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ലുവൻസ എ (എച്ച്5എൻ1) എന്നത് പക്ഷികളെയും സസ്തനികളെയും ബാധിക്കുന്ന ഒരു ഇൻഫ്ലുവൻസ വൈറസ് വകഭേദമാണ്. അപൂർവ്വമായ സന്ദർഭങ്ങളിൽ ഇത് മനുഷ്യരെയും ബാധിക്കാറുണ്ട്. 2020 മുതൽ ഈ വൈറസുകളുടെ പുതിയൊരു വകഭേദം ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും കാട്ടുപക്ഷികളുടെയും വളർത്തുപക്ഷികളുടെയും കൂട്ടമരണത്തിന് കാരണമായിട്ടുണ്ട്. മനുഷ്യരിൽ ഈ വൈറസ് ബാധിക്കുന്നത് ഗുരുതരമായ രോഗാവസ്ഥക്കും ഉയർന്ന മരണനിരക്കിനും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

