370ാം അനുച്ഛേദം റദ്ദാക്കൽ: ഹരജികൾ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹരജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 11ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവർ അംഗങ്ങളാണ്. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ ഒരുകൂട്ടം ഹരജികൾ നാലുവർഷത്തിനുശേഷമാണ് സുപ്രീംകോടതി പരിഗണനക്കെടുക്കുന്നത്.
2010 ബാച്ച് ഐ.എ.എസ് ഓഫിസർ ഷാ ഫൈസൽ ഉൾപ്പെടെയുള്ളവരാണ് നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആദ്യ കശ്മീരിയായ ഷാ ഫൈസൽ 2019 ജനുവരിയിൽ സർവിസിൽനിന്ന് രാജിവെച്ച് ജമ്മു-കശ്മീർ പീപ്ൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചിരുന്നു. എന്നാൽ, രാജി സർക്കാർ സ്വീകരിച്ചിരുന്നില്ല.
370ാം അനുച്ഛേദം റദ്ദാക്കിയതിൽ പ്രതിഷേധിച്ച ഷാ ഫൈസൽ അടക്കമുള്ള നേതാക്കളെ ഒരുവർഷത്തോളം തടങ്കലിലാക്കുകയും ചെയ്തു. തടവിൽനിന്ന് മോചിതനായശേഷം രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു.
പിന്നാലെ 2022 ഏപ്രിലിൽ അദ്ദേഹം സർവിസിൽ തിരിച്ചെത്തി. ഹരജിക്കാരുടെ പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിലും ഭരണഘടന ബെഞ്ച് തീരുമാനമെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.