താരകങ്ങളിൽ മാഞ്ഞു, ചാന്ദ്ര സ്വപ്നാടകൻ
text_fieldsഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ വളർച്ചക്ക് നാന്ദികുറിച്ച ബഹുമുഖ പ്രതിഭയായിരുന്നു വെള്ളിയാഴ്ച ബംഗളൂരുവിൽ അന്തരിച്ച ഡോ. കെ.കസ്തൂരിരംഗൻ. ബഹിരാകാശ ദൗത്യങ്ങളിൽ സ്വയം പര്യാപ്തതയിലേക്കും നേട്ടങ്ങളിലേക്കും പടിപടിയായി ഐ.എസ്.ആർ.ഒ ചുവടുവെച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഗോളാന്തര ദൗത്യമെന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്കു ചിറകുമുളപ്പിച്ച് ചാന്ദ്ര പര്യവേക്ഷണത്തിനായി ഗവേഷണാടിത്തറയിട്ടതും കസ്തൂരിരംഗൻ ഇസ്രോ മേധാവിയായിരിക്കേയാണ്. ചെയർമാൻ പദവിയിലുള്ള കാലമടക്കം മൂന്നര പതിറ്റാണ്ടോളം അദ്ദേഹം ഐ.എസ്.ആർ.ഒയിൽ പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ ചാലക്കുടി സ്വദേശി സി.എം. കൃഷ്ണസ്വാമി അയ്യരുടെയും പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളി അഗ്രഹാരത്തിലെ വിശാലാക്ഷിയുടെയും മകനായി 1940ൽ കൊച്ചിയിൽ ജനിച്ച അദ്ദേഹം എറണാകുളം എസ്.ആർ.വി സ്കൂളിലും മഹാരാജാസ് കോളജിലുമായി പഠനമാരംഭിച്ചു.അമ്മയുടെയും മുത്തച്ഛന്റെയും വിയോഗത്തെ തുടർന്ന് അച്ഛന്റെ ജോലി സ്ഥലമായ മുംബൈയിലേക്ക് ചേക്കേറിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. മുംബൈ സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കി പിന്നീട് പരീക്ഷണ ഗവേഷണങ്ങളുമായി ബഹിരാകാശ പഠന രംഗത്തേക്ക് തിരിയുകയായിരുന്നു.
1994ലാണ് ഐ.എസ്.ആർ.ഒയുടെ ചെയർമാൻ പദവിയിൽ ചുമതലയേൽക്കുന്നത്. പിന്നീടുള്ള ഒമ്പതു വർഷക്കാലം ഇസ്രോക്ക് ഗവേഷണ കുതിപ്പിന്റെ നാളുകളായിരുന്നു. ഇതിനിടെ 1998ൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് നിയന്ത്രണങ്ങളേൽക്കേണ്ടിവന്ന കാലംകൂടിയായിരുന്നു അത്. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ കുറിച്ച് ലോകം ശ്രവിക്കുന്നത് 1999 മേയ് 11ന് ദേശീയ സാങ്കേതിക ദിനത്തിൽ ഡോ. കസ്തൂരിരംഗൻ നടത്തിയ ഒരു പ്രഭാഷണത്തിൽനിന്നാണ്. പിന്നീട്, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഐ.എസ്.ആർ.ഒയുടെ മുദ്ര പതിഞ്ഞതടക്കം ചരിത്രം.
അന്താരാഷ്ട്ര പുതുതലമുറ ബഹിരാകാശ പേടകമായ ഇന്ത്യൻ നാഷനൽ സാറ്റലൈറ്റ് സിസ്റ്റം (ഇൻസാറ്റ്), ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റുകളായ ഐ.ആർ.എസ് വൺ എ, ഐ.ആർ.എസ് വൺ ബി, ഐ.ആർ.എസ് വൺ സി, ഐ.ആർ.എസ് വൺ ഡി എന്നിവയും സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഐ.ആർ.എസ് പി ത്രീ, ഐ.ആർ.എസ് പി ഫോർ എന്നിവയും വികസിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. യു.ആർ റാവു സാറ്റലൈറ്റ് സെന്റർ മേധാവിയായും അദ്ദേഹം പ്രവർത്തിച്ചു.
ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര -ഒന്ന്, ഭാസ്കര -രണ്ട് എന്നിവയുടെ പ്രോജക്ട് ഡയറക്ടറുമായിരുന്നു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി), ജിയോ സിംക്രനൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി.എസ്.എൽ.വി) എന്നിവ ഉപഗ്രഹങ്ങളുമായി വിജയകരമായി വാനം കടന്നതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായതന്നെ മാറി. പിന്നീട് ജി.എസ്.എൽ.വിയുടെ വിപുലീകരിച്ച റോക്കറ്റായ, ബാഹുബലി എന്നു വിളിപ്പേര് ലഭിച്ച ജി.എസ്.എൽ.വി എം.കെ മൂന്നിനായുള്ള ഗവേഷണ പഠനങ്ങൾ പൂർത്തിയാക്കിയാണ് അദ്ദേഹം ഐ.എസ്.ആർ.ഒയുടെ പടിയിറങ്ങിയത്. ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ രംഗത്ത് ഈ നേട്ടങ്ങളുണ്ടാക്കിയ പ്രതിഫലനം ചെറുതല്ല. ബഹിരാകാശ ഗവേഷണ രംഗത്ത് ലോകത്തിന്റെ മുൻനിരയിലേക്ക് ഇന്ത്യക്ക് വഴിയൊരുക്കിയ കാലഘട്ടമായി ഇതിനെ വിലയിരുത്താം.
ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമി, നാഷനൽ അക്കാദമി ഓഫ് സയൻസസ് ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷനൽ അക്കാദമി ഓഫ് എൻജിനീയറിങ്, ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷനൽ ടെലിമാറ്റിക്സ് ഫോറം, ദി ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റി, ദി തേർഡ് വേൾഡ് അക്കാദമി ഓഫ് സയൻസസ് തുടങ്ങി വിവിധ അക്കാദമികളിൽ അംഗമായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.