Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിൽ വ്യക്തത തേടി ഉവൈസി; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യം

text_fields
bookmark_border
Asaduddin Owaisi
cancel
camera_alt

അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്: അരുണാചൽ പ്രദേശ് അതിർത്തിയിലെ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റവും ഇന്ത്യൻ പട്രോളിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളും സംബന്ധിച്ച് കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. വിഷയം ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്തോ–തിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ.ടി.ബി.പി) ഡയറക്ടർ ജനറൽ ഇക്കാര്യം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ ഗൗരവകരമാണെന്ന് ഉവൈസി പ്രസ്താവനയിൽ പറഞ്ഞു. അതിർത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രം രാജ്യത്തെ ഇരുട്ടിൽ നിർത്തുകയാണെന്നും നേരത്തേ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അരുണാചൽ പ്രദേശിൽ എത്ര സ്ഥലങ്ങളിലാണ് ചൈനീസ് സൈന്യം കടന്നുകയറിയതെന്ന് ഉവൈസി ചോദിച്ചു. ഇന്ത്യൻ സൈനികരുടെ പട്രോളിങ്ങും സാധാരണക്കാരുടെ സഞ്ചാരവും തടഞ്ഞതും പിൻമാറാൻ വിസമ്മതിച്ചതുമായ സംഭവങ്ങൾ എവിടെയൊക്കെയാണ് ഉണ്ടായത്, എത്രകാലമായി സ്ഥിതി തുടരുന്നു തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കാലയളവിൽ ചൈനയോട് കേന്ദ്രസർക്കാർ സ്വീകരിച്ച സമീപനത്തെയും ഉവൈസി ചോദ്യം ചെയ്തു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താത്തതിനെയും ഉവൈസി വിമർശിച്ചു. 2020 ജൂണിൽ ഇന്ത്യൻ പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ പ്രസ്താവനയുടെ കൃത്യതയെക്കുറിച്ചും ഉവൈസി ചോദ്യമുയർത്തി.

ചൈനീസ് അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അതിർത്തിസമഗ്രതയെയും ദേശീയ സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ സുതാര്യതയും സത്യസന്ധതയും രാഷ്ട്രീയ ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടതുണ്ടെന്നും ഉവൈസി പറഞ്ഞു.

ഐ.ടി.ബി.പി മേധാവി ശത്രുജീത് കപൂറാണ് അതിർത്തിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പി.എൽ.എ) ഏറ്റുമുട്ടലുകൾ തുടരുന്നതായി അറിയിച്ചത്. പിന്നാലെ വിദേശകാര്യ മന്ത്രാലയം കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, സംഭവങ്ങളുടെ വിശദാംശങ്ങൾക്കായി പ്രതിരോധ മന്ത്രാലയത്തെ സമീപിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ചൈനീസ് സൈന്യം പതിവായി പട്രോളിങ് രീതികളിൽനിന്ന് വ്യതിചലിക്കുമ്പോൾ അതിർത്തി മേഖലകളിൽ ഇടക്കിടെ സംഘർഷാവസ്ഥ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യഥാർഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) തെറ്റിദ്ധാരണകളും കണക്കുകൂട്ടലുകളിലെ പിഴവുകളും ഒഴിവാക്കുന്നതിനും നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇരുരാജ്യങ്ങളും നയതന്ത്ര, സൈനിക സംവിധാനങ്ങളിലൂടെ ചർച്ച തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതിർത്തി നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുന്നതിനായി എൽ.എ.സി സംബന്ധിച്ച ധാരണ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.

അതിർത്തി മേഖലകളിൽ സമാധാനവും ശാന്തിയും നിലനിർത്തുന്നത് ഇന്ത്യ–ചൈന ഉഭയകക്ഷി ബന്ധങ്ങളുടെ സമഗ്രമായ പുരോഗതിക്ക് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Asaduddin Owaisi seeks clarity on Chinese intrusions along Arunachal border, calls for special Parliament session
Next Story