Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘എന്റെ മകന്റെ...

‘എന്റെ മകന്റെ ചിതാഭസ്മം പോലും അവർ കൊണ്ടുപോയി’; ഗോകർണ ഗുഹയിൽ നിന്ന് രണ്ട് കുട്ടികളുമായി രക്ഷപ്പെടുത്തിയ റഷ്യൻ വനിത പങ്കുവെച്ചത് അമ്പരപ്പിക്കുന്ന വനവാസ കഥകൾ

text_fields
bookmark_border
‘എന്റെ മകന്റെ ചിതാഭസ്മം പോലും അവർ കൊണ്ടുപോയി’; ഗോകർണ ഗുഹയിൽ നിന്ന് രണ്ട് കുട്ടികളുമായി രക്ഷപ്പെടുത്തിയ റഷ്യൻ വനിത പങ്കുവെച്ചത് അമ്പരപ്പിക്കുന്ന വനവാസ കഥകൾ
cancel

ർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തിനടുത്തുള്ള ഒരു ഗുഹയിൽനിന്ന് രക്ഷപ്പെടുത്തിയ 40 കാരിയായ റഷ്യൻ വനിത നീന കുടിന ബോധപൂർവം തെരഞ്ഞെടുത്ത വനവാസത്തെക്കുറിച്ച് വെളിപ്പെടുത്തിയപ്പോൾ കേട്ടവർ അമ്പരന്നു. വിചിത്രമായിരുന്നു അതിൽ പലതും. ജൂലൈ 11നാണ് നീന കുടിനയെയും ആറും നാലും വയസ്സുള്ള പെൺകുട്ടികളെയും ഇടതൂർന്ന വനങ്ങൾക്കും പരുക്കൻ ഭൂപ്രദേശങ്ങൾക്കും ഇടയിൽ ഒറ്റപ്പെട്ട ഗുഹയിൽ കണ്ടെത്തിയത്. അവരവിടെ കുറഞ്ഞത് രണ്ടാഴ്ചയോളം താമസിച്ചിരുന്നതായി അധികൃതർ തിരിച്ചറിഞ്ഞു.

ഗോവയിൽ നിന്നാണ് ആത്മീയ തീർഥാടനത്തിനു പേരുകേട്ട തീരദേശ നഗരമായ ഗോകർണത്തിലേക്ക് അവരും മക്കളും യാത്ര തിരിച്ചത്. ബിസിനസ് വിസയിലാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിയതെന്നും അത് 2017ൽ കാലഹരണപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. അതിനാൽ തൊട്ടടുത്ത വർഷം എക്സിറ്റ് പെർമിറ്റ് നേടി നേപ്പാളിലേക്ക് പോയി. എന്നാൽ, താമസിയാതെ അവർ ഇന്ത്യയിലേക്ക് മടങ്ങി കർണാടകയിലെ തീരദേശ വനങ്ങളിൽ താമസം തുടങ്ങി.


നീന രണ്ട് ആൺമക്കൾക്കും ഒരു മകൾക്കുമൊപ്പം ആണ് എത്തിയതെന്ന് ഔദ്യോഗിക രേഖകൾ പറയുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 21 വയസ്സുള്ള അവരുടെ മൂത്ത മകൻ കഴിഞ്ഞ വർഷം ഒരു ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. 11 വയസ്സുള്ള ഇളയ മകൻ എവിടെയാണെന്ന് അറിയില്ല എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

റഷ്യയിലേക്ക് മടങ്ങാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, നീന വ്യക്തിപരമായ ദുരന്തങ്ങളുടെയും നിയമപരമായ പ്രശ്‌നങ്ങളുടെയും വൈകാരിക ഭാരങ്ങളുടെയും ഒരു പരമ്പര തന്നെ വാർത്താ ഏജൻസിയായ പി.ടി.ഐയുമായി പങ്കുവെച്ചു. ‘സങ്കീർണ്ണമായ നിരവധി കാരണങ്ങളുണ്ട്. ഒന്നിലധികം വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായിരുന്നു. എന്റെ മകന്റെ മരണം മാത്രമല്ല, മറ്റ് ചില അടുത്ത ആളുകളുടേതും. ഞങ്ങൾ നിരന്തരം ദുഃഖത്തിലുഴറി. ഇന്ത്യയെ ആഴത്തിൽ സ്നേഹിക്കുന്നു. അതിന്റെ പരിസ്ഥിതി, അവിടുത്തെ ആളുകൾ, എല്ലാത്തിനെയും. അതിനാൽ മറ്റ് നാല് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടും ഇന്ത്യയിലേക്കു തന്നെ മടങ്ങിയെത്തി’.

കഴിഞ്ഞ 15 വർഷത്തിനിടെ 20 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് റഷ്യൻ വനിത പി.ടി.ഐയോട് പറഞ്ഞു. ‘കഴിഞ്ഞ 15 വർഷത്തിനിടെ ഞാൻ 20 ഓളം രാജ്യങ്ങൾ സന്ദർശിച്ചു. എന്റെ കുട്ടികളെല്ലാം വ്യത്യസ്ത സ്ഥലങ്ങളിലാണ് ജനിച്ചത്. ആശുപത്രികളോ ഡോക്ടർമാരോ ഇല്ലാതെ ഞാൻ സ്വയം തന്നെ എല്ലാ കാര്യങ്ങളും ചെയ്തു. അതെങ്ങനെ ചെയ്യണമെന്ന് എനിക്ക് അറിയാം. ആരും എന്നെ സഹായിച്ചില്ല. ഒറ്റക്കാണ് എല്ലാം ചെയ്തത്’- അവർ പറഞ്ഞു.

‘ഞങ്ങൾ സൂര്യനോടൊപ്പം ഉണർന്നു. നദികളിൽ നീന്തി. പ്രകൃതിയിൽ ജീവിച്ചു’ എന്ന് പറഞ്ഞുകൊണ്ട് അവർ ഗുഹയിലെ ജീവിതവും വിവരിച്ചു. ‘സീസൺ അനുസരിച്ച് ഞാൻ തീയിലോ ഗ്യാസ് സിലിണ്ടറിലോ പാചകം ചെയ്തു. അടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങി. ഞങ്ങൾ പെയിന്റ് ചെയ്തു, പാട്ടുകൾ പാടി, പുസ്തകങ്ങൾ വായിച്ചു, സമാധാനപരമായി ജീവിച്ചുവെന്നും’ അവർ പറഞ്ഞു.


താൻ കലയിലും റഷ്യൻ സാഹിത്യത്തിലും പരിശീലനം ലഭിച്ച ഒരു അധ്യാപികയാണെന്നും കുട്ടികളെ സ്വയം പഠിപ്പിക്കുന്നുവെന്നും നീന പറഞ്ഞു. ‘അവർ വളരെ മിടുക്കരും ആരോഗ്യവാന്മാരും കഴിവുള്ളവരുമാണ്. അവരെ കണ്ടുമുട്ടുന്ന ആരും ഇതുതന്നെ പറയും. കുട്ടികൾ ഇതുവരെ സ്കൂളിൽ പോയിട്ടില്ല. പക്ഷേ, ഔദ്യോഗിക രേഖകൾ ഉപയോഗിച്ച് അവരെ ഔപചാരികമായി ഹോം സ്‌കൂൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്.

കലാസൃഷ്ടികൾ നിർമിച്ചും സംഗീത വിഡിയോകൾ നിർമിച്ചും ഇടക്കിടെ അധ്യാപന ജോലികൾ ഏറ്റെടുത്തും ഇക്കാലയളവുകളിൽ താൻ ഉപജീവനമാർഗം കണ്ടെത്തിയതായി അവർ പറഞ്ഞു. ‘ഈ തരം പ്രവർത്തനങ്ങളിലൂടെയെല്ലാം പണം സമ്പാദിക്കുന്നുണ്ട്. ജോലിയൊന്നുമി​ല്ലെങ്കിൽ, എനിക്കത് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ആരെയും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ എന്റെ സഹോദരൻ, പിതാവ്, അല്ലെങ്കിൽ മകൻ പോലും എന്നെ സഹായിക്കും. അതിനാൽ ആവശ്യമായ പണം എല്ലായ്പോഴും പക്കലുണ്ടാവും’- കുടുംബം സ്വമേധയാ കാട്ടിലേക്ക് താമസം മാറിയെന്നും എന്നാൽ, പൊലീസിന്റെ രക്ഷാപ്രവർത്തനത്തിനുശേഷം ഇപ്പോൾ അസ്വസ്ഥതമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും അവർ പറയുന്നു.

‘ഞങ്ങളെ ഇപ്പോൾ സുഖകരമല്ലാത്ത ഒരു സ്ഥലത്താണ് താമസിപ്പിച്ചിരിക്കുന്നത്. അത് വൃത്തിഹീനമാണ്. സ്വകാര്യതയില്ല. കഴിക്കാൻ സാധാരണ അരി യുടെ ഭക്ഷണം മാത്രമേ ലഭിക്കുന്നുള്ളൂ. ഒമ്പതു മാസം മുമ്പ് മരിച്ച എന്റെ മകന്റെ ചിതാഭസ്മം ഉൾപ്പെടെ ഞങ്ങളുടെ പല വസ്തുക്കളും കൊണ്ടുപോയെന്നും’ അവർ പരിഭവിച്ചു.

ടെലിവിഷൻ ചാനലുകൾ തങ്ങളുടെ ജീവിതശൈലിയെക്കുറിച്ച് തെറ്റായ വിവരണങ്ങൾ സംപ്രേഷണം ചെയ്തതായും അവർ പറഞ്ഞു. ‘ഞങ്ങളെക്കുറിച്ച് ടി.വിയിൽ കാണിക്കുന്നതെല്ലാം തെറ്റാണ്. മുമ്പ് ഞങ്ങളുടെ ജീവിതം എത്ര ശുദ്ധവും സന്തോഷകരവുമായിരുന്നുവെന്ന് കാണിക്കുന്ന വിഡിയോകളും ഫോട്ടോകളും എന്റെ പക്കലുണ്ട്’- അവർ പറഞ്ഞു.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ വെള്ളിയാഴ്ച വൈകുന്നേരം രാമതീർത്ഥ കുന്നിൽ പട്രോളിങ് നടത്തുന്നതിനിടെ, ഗോകർണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധർ എസ്.ആറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ഗുഹക്കു സമീപം സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തി അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ആറു വയസ്സുള്ള പ്രേമക്കും നാല് വയസ്സുള്ള അമക്കും ഒപ്പം താമസിക്കുന്ന ഒരു റഷ്യൻ സ്ത്രീയെ അവർ കണ്ടെത്തി. ധ്യാന ജീവിതത്തിനായി കർണാടകയിലേക്ക് വന്നതാണെന്ന് നീന പൊലീസിനോട് പറഞ്ഞു. ഗുഹയിൽ ശ്രീരാമന്റെ ഒരു വിഗ്രഹവും കണ്ടെത്തി. വിഗ്രഹത്തെ പതിവായി ആരാധിച്ചിരുന്നതായി നീന പറഞ്ഞു.

എന്നാൽ, രാമതീർഥ കുന്ന് കുത്തനെയുള്ള ഭൂപ്രകൃതി, മണ്ണിടിച്ചിൽ സാധ്യത, പാമ്പുകളുടെയും മറ്റ് വിഷജീവികളുടെയും സാന്നിധ്യം എന്നിവക്ക് പേരുകേട്ടതിനാൽ ആ സ്ഥലം തെരഞ്ഞെടുക്കുന്നതിൽ അധികൃതർക്ക് ആശങ്കയുണ്ടായിരുന്നു.

2017ൽ വിസ കാലാവധി അവസാനിച്ചതിനാൽ ഇവരെയും അവരുടെ രണ്ട് പെൺമക്കളെയും താൽക്കാലികമായി വനിതാ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഗുഹയിൽ തിരച്ചിൽ നടത്തി ഏപ്രിൽ 17ന് കാലാവധി കഴിഞ്ഞ നീനയുടെ പാസ്‌പോർട്ടും വിസയും കണ്ടെടുത്തു. വനിതയെയും കുട്ടികളെയും റഷ്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി ബംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫിസുമായി ബന്ധപ്പെട്ടിരിക്കുകയാണ് അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokarnanaturecaveRussian Woman
News Summary - ‘Ashes of my son were taken’: Russian woman 'rescued' from Karnataka's Gokarna cave says she's now living in filth
Next Story