അസമിലും ഏക സിവിൽ കോഡ്; ബിൽ സഭയിൽ, എതിർത്ത് പ്രതിപക്ഷം
text_fieldsഗുവാഹത്തി: ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ അസമിലും ഏക സിവിൽ കോഡ് നടപ്പിലാക്കുന്നു. നിയമം സംബന്ധിച്ച കരട് ബിൽ തിങ്കളാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. നേരത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അധികാരമേറ്റ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിയമനിർമാണത്തിന് അംഗീകാരം നൽകിയിരുന്നു.
ബഹുഭാര്യത്വം പൂർണമായും നിരോധിക്കുകയും ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുന്ന ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിട്ടുണ്ട്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ് ഇൻ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങൾ ജാതി,മത ഭേദമന്യേ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിലാക്കാൻ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എല്ലാ മതക്കാരുടെയും വിവാഹപ്രായം ഏകീകരിക്കാനും ബിൽ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം ബിൽ പട്ടിക വർഗ വിഭാഗത്തിന് ബാധകമായിരിക്കുകയില്ലെന്ന് ബി.ജെ.പി സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്നതെന്ന് വിമർശിക്കപ്പെടുന്ന ഏക സിവിൽ കോഡ് 2024ൽ ഉത്തരാഖണ്ഡിലാണ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത്. ഈ വർഷം മാർച്ചിലാണ് ഗുജറാത്ത് നിയമസഭ സിവിൽകോഡ് ബിൽ പാസാക്കിയത്. ഏപ്രിലിൽ മുർശിദാബാദിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെ പശ്ചിമ ബംഗാളിലും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

