ബഹുഭാര്യത്വം കുറ്റകൃത്യം; ഏഴ് വർഷം വരെ തടവുശിക്ഷ; നിരോധന നിയമം പാസാക്കാനൊരുങ്ങി അസം സർക്കാർ
text_fieldsഹിമന്ത ബിശ്വ ശർമ
ഗുവാഹതി: സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമ നിർമാണവുമായി അസമിലെ ബി.ജെ.പി സർക്കാർ. ഇതുസംബന്ധിച്ച ബിൽ (അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025) ചൊവ്വാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിയസമഭയിൽ അവതരിപ്പിച്ചു. സഭയുടെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനമായിരുന്നു ചൊവ്വാഴ്ച. ഈ സഭാകാലത്തുതന്നെ ബിൽ പാസാക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവംബർ ഒമ്പതിന് ചേർന്ന മന്ത്രി സഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു. ബിൽ പ്രകാരം, ബഹുഭാര്യത്വം ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. അതേസമയം, സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹിന്ദു കോഡ് അനുസരിച്ച് നിലവിൽ ബഹുഭാര്യത്വം കുറ്റകൃത്യമാണ്. മുസ്‍ലിം വ്യക്തിനിയമമനുസരിച്ച് അനുവദനീയവുമാണ്. പുതിയ ബില്ലിന്റെ പരിധിയിൽനിന്ന് ഗോത്രവർഗ വിഭാഗങ്ങളെ ഒഴിവാക്കിയ സാഹചര്യത്തിൽ ഫലത്തിൽ മുസ്‍ലിംകളെയായിരിക്കും ഇത് കാര്യമായി ബാധിക്കുക.
നേരത്തെ, മുസ്‍ലിം സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിൽ കൊണ്ടുവരുന്നതെന്ന് ഹിമന്ത പ്രസ്താവിച്ചത് വിവാദമായിരുന്നു. അതുകൊണ്ടുതന്നെ, ബില്ലിനെ ഏറെ ആശങ്കയോടെയാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ വിലയിരുത്തുന്നത്. ബിൽ സഭയിൽ വെക്കുമ്പോൾ പ്രതിപക്ഷം സഭയിലില്ലായിരുന്നു.
സിംഗപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയ സമയത്താണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ഉത്തരാഖണ്ഡിൽ നടപ്പാക്കിയതുപോലുള്ള ഏകസിവിൽ കോഡിലേക്കുള്ള ചുവടുവെപ്പായും ബഹുഭാര്യത്വ ബില്ലിനെ പ്രതിപക്ഷം നോക്കിക്കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

