'ആർ.എസ്.എസ് പറയുന്നതെങ്കിലും കേൾക്കൂ...'; മണിപ്പൂർ വിഷയത്തിൽ മോദിയോട് കോൺഗ്രസ്
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ നിലനിൽക്കുന്ന വംശീയ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവതിന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾക്കൊള്ളണമെന്ന് കോൺഗ്രസ്. പ്രതിപക്ഷത്തെ കേൾക്കൽ പ്രധാനമന്ത്രിയുടെ ഡി.എൻ.എയിൽ ഇല്ലെന്നും ഇതെങ്കിലും ശ്രദ്ധിക്കണമെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിന് കഴിഞ്ഞ 10 വർഷം സംഭവിച്ചത് ഇനി ആവർത്തിക്കരുത്. മാസങ്ങളായി താൻ പറഞ്ഞുവരുന്നതാണ് ഭാഗവതും പറഞ്ഞത്. നമ്മളും അവരും എന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കണം. ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. മണിപ്പൂർ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ മാറ്റണമെന്ന ആവശ്യം പോലും ബി.ജെ.പി ചെവിക്കൊണ്ടില്ല. പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി കേട്ടെങ്കിലേ രാജ്യം മുന്നോട്ടുപോകൂ.
ജമ്മു-കശ്മീരിൽ തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മോദി സർക്കാറിനെ സിബൽ രൂക്ഷമായി വിമർശിച്ചു. 370ാം അനുഛേദം എടുത്തുകളഞ്ഞതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. അഞ്ചുവർഷമായിട്ടും കശ്മീർ അതുപോലെ തുടരുകയാണ്. ബി.ജെ.പിയുടെ സാന്നിധ്യം ഉള്ളിടത്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഭരണം നടത്തിക്കൊണ്ടുപോകണമെന്ന ചിന്തയില്ലാത്തതുകൊണ്ടാണ് -സിബൽ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.