അട്ടാരി അതിർത്തി അടച്ചത് പാകിസ്താനെ എങ്ങനെ ബാധിക്കും?
text_fieldsപഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐ.സി.പി) അടിയന്തരമായി അടച്ചുപൂട്ടാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്താനുമായുള്ള 3,886.53 കോടി രൂപയുടെ അതിർത്തി വ്യാപാരത്തെ ബാധിക്കും. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് 2019ൽ ഇന്ത്യ പാകിസ്താനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം തീരുവ ചുമത്തിയതിനുശേഷം ഉഭയകക്ഷി വ്യാപാരം ഇതിനകം തന്നെ ഇടിവിലായിരുന്നുവെന്ന് ലാൻഡ് പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡാറ്റ വ്യക്തമാക്കുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യ സോയാബീൻ, കോഴിത്തീറ്റ, പച്ചക്കറികൾ, ചുവന്ന മുളക്, പ്ലാസ്റ്റിക് തരികൾ, പ്ലാസ്റ്റിക് നൂൽ തുടങ്ങിയ ഇനങ്ങൾ കയറ്റുമതി ചെയ്യുകയും ഉണങ്ങിയ പഴങ്ങൾ, ഈത്തപ്പഴം, ജിപ്സം, സിമൻറ്, ഗ്ലാസ്, പാറ ഉപ്പ്, ഔഷധ സസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ പാകിസ്‍യാനിൽ നിന്ന് അട്ടാരിയിലെ ലാൻഡ് പോർട്ട് വഴി ഇറക്കുമതി ചെയ്യുകയും ചെയ്തു. 120 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ തുറമുഖം ദേശീയപാത 1 ലേക്ക് നേരിട്ട് പ്രവേശനമുള്ളതിനാൽ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്
പുൽവാമ ആക്രമണത്തെത്തുടർന്ന്, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാരം 2018–19ൽ 4,370.78 കോടി രൂപയായിരുന്നത് 2022–23ൽ 2,257.55 കോടി രൂപയായി കുറഞ്ഞു. എന്നാൽ 2023–24ൽ വ്യാപാരം 3,886.53 കോടി രൂപയായി തിരിച്ചുകയറി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം, മൊത്തം ചരക്ക് നീക്കവും 2018–19ൽ 49,102 കൺസൈൻമെന്റുകളിൽ നിന്ന് 2022–23ൽ വെറും 3,827 ആയി കുറഞ്ഞുവെന്ന് ഡാറ്റ കാണിക്കുന്നു.
ഡോളർ അടിസ്ഥാനത്തിൽ പറഞ്ഞാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ-പാക് വ്യാപാരം പ്രതിവർഷം ഏകദേശം രണ്ട് ബില്യൺ ഡോളറായി ചുരുങ്ങി(ലോകബാങ്ക് കണക്കാക്കിയ 37 ബില്യൺ ഡോളറിന്റെ വ്യാപാര സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്). ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്ക് വ്യാപാരം 430 ബില്യൺ ഡോളറാണ്. പാകിസ്താന്റെത് ഏകദേശം 100 ബില്യൺ ഡോളറും.
നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പാകിസ്താൻ കരകയറിയിട്ടേ ഇല്ല. പണപ്പെരുപ്പവും കൂടുതലാണിവിടെ. അട്ടാരി-വാഗ കരമാർഗ പാത ആദ്യമായി തുറന്നത് 2005ലാണ്. ഈ പാതയിലൂടെയുള്ള ട്രക്ക് ഗതാഗതം 2007 ലാണ് ആരംഭിച്ചത്. യു.പി.എ സർക്കാറിന്റെ കാലത്ത് 2012 ഏപ്രിൽ 13ന് അട്ടാരിയിലെ ഐ.സി.പി ഉദ്ഘാടനം ചെയ്തു.
Live Updates
- 25 April 2025 3:00 PM IST
അട്ടാരി അതിർത്തി അടച്ചത് പാകിസ്താനെ എങ്ങനെ ബാധിക്കും?
പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് 2019ൽ ഇന്ത്യ പാകിസ്താനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം തീരുവ ചുമത്തിയതിനുശേഷം ഉഭയകക്ഷി വ്യാപാരം ഇതിനകം തന്നെ ഇടിവിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.