വോട്ടർപട്ടികയിൽ ഇനി കൺഫ്യൂഷൻ വേണ്ട
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ നടപടികളും തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സംസ്ഥാനത്ത് ഒരേസമയം പുരോഗമിക്കവെ ഇതുസംബന്ധിച്ച വോട്ടർമാരുടെ കൺഫ്യൂഷൻ മാറ്റാൻ ബോധവത്കരണ വിഡിയോയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. ‘രണ്ടും ഒന്നല്ല, രണ്ടാണ്’ എന്ന തലക്കെട്ടോടെയാണ് വിഡിയോ തയാറാക്കിയിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും പാർലമെന്‍റ്-നിയമസഭ തെരഞ്ഞെടുപ്പിനും രണ്ട് വോട്ടർപട്ടികകളാണെന്ന് ബാധകമെന്ന് ഇതിൽ വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പാർലമെന്‍റ്-നിയമസഭ തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയാറാക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുമാണ്.
ചീഫ് ഇലക്ടറർ ഓഫീസറാണ് (മുഖ്യതെരഞ്ഞടുപ്പ് ഓഫിസർ) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ ഇക്കാര്യങ്ങൾ വീശദീകരിക്കുന്ന വിൻഡോ നേരത്തേതന്നെ നൽകിയിട്ടുണ്ട്.
ഇതിനുശേഷവും രണ്ട് കമീഷനുകളുടേയും പ്രവർത്തനം സംബന്ധിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെയടക്കം ഇക്കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ബോധവൽകരണം നൽകുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക www.sec.kerala.gov.in എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാർലമെന്‍റ്-നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് നോക്കേണ്ടത് www.eci.gov.in എന്ന വെബ്സൈറ്റിലാണ്. ഈ പട്ടിക പരിഷ്കരിക്കുന്ന ‘എസ്.ഐ.ആർ’ നടപടികൾ സംസ്ഥാനത്ത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇതുസംബന്ധിച്ച സംശയനിവാരണത്തിന് ബി.എൽ.ഒമാരെയാണ് ബന്ധപ്പെണ്ടേത്. ബി.എൽ.ഒമരുടെ ഫോൺ നമ്പർ വോട്ടർപട്ടികക്കൊപ്പം വെബ്സൈറ്റിൽ ലഭിക്കും. എസ്.ഐ.ആർ എന്യൂമറേഷൻ ഫോമിലും ഇവരുടെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ വോട്ടർ പട്ടികയിൽ പേരും ബൂത്തും കണ്ടെത്തേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ വോട്ടർ പട്ടികയിൽ വോട്ടറുടെ പേരും വോട്ട് ചെയ്യേണ്ട ബൂത്തും വെബ്സൈറ്റിൽനിന്ന് കണ്ടെത്താം. www.sec.kerala.gov.inൽ ‘വോട്ടർ സർവിസസി’ൽ കയറി ‘സെർച് വോട്ടർ’ ക്ലിക്ക് ചെയ്ത് മൂന്ന് തരത്തിൽ പേര് തിരയാം. ‘സെർച്ച് വോട്ടർ സ്റ്റേറ്റ്വൈസ്’ ആണ് ആദ്യത്തേത്. ഇതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ ഐഡി കാർഡ് നമ്പർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ പഴയ SEC നമ്പർ, SEC എന്നീ അക്ഷരങ്ങളും ഒമ്പത് അക്കങ്ങളും ചേർന്നുളള സവിശേഷ നമ്പർ എന്നിവ ഉപയോഗിച്ച് പേര് തിരയാം.
‘സേർച്ച് ലോക്കൽബോഡി വൈസ്’ ആണ് രണ്ടാമത്തെ രീതി. ഇതിൽ ജില്ല, തദ്ദേശസ്ഥാപനം, വോട്ടറുടെ പേര്, വോട്ടർ ഐഡി കാർഡ് നമ്പർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ പഴയതോ പുതിയതോ ആയ SEC നമ്പർ ഉപയോഗിച്ച് പേര് തിരയാം. ‘സെർച്ച് വോട്ടർ വാർഡ് വൈസ്’ ആണ് മൂന്നാമത്തെ രീതി. ഇതിൽ ജില്ല, തദ്ദേശസ്ഥാപനം, വാർഡ് എന്നിവ രേഖപ്പെടുത്തി വോട്ടറുടെ പേരോ ഐ.ഡി കാർഡ് നമ്പറോ ഉപയോഗിച്ച് പേര് തിരയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

