Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്

text_fields
bookmark_border
അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
cancel

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ആവശ്യം ഉന്നയിച്ചത്. ക്ഷേത്രത്തിലേക്കെത്തിയ സംഭാവനയുടെ കൃത്യമായ കണക്ക് പരസ്യപ്പെടുത്തണമെന്നും ഉത്തരവാദികളായ എല്ലാവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

രാമന്റെ പേരിൽ അധികാരത്തിലെത്തിയ ബിജെപി സംഭാവന കൊള്ളയിൽ മൗനം പാലിക്കുകയാണെന്നും ഈ പാപം തന്നെയാകും പാർട്ടിയുടെ പതനത്തിന് കാരണമാകുകയെന്നും രമേശ് എക്‌സിൽ കുറിച്ചു.

ജൂൺ 4 നാണ് കൊള്ള സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഒമ്പത് ദിവസത്തിന് ശേഷം ട്രസ്റ്റിന്റെ ആവശ്യപ്രകാരം സംസ്ഥാന സർക്കാർ എസ്‌ഐടിയെ നിയോഗിച്ചു. ആഗസ്റ്റ് 17ന് ആഭ്യന്തര വകുപ്പ് അന്തിമ റിപ്പോർട്ട് അതേ ട്രസ്റ്റിന് തന്നെ കൈമാറുകയും മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും അനിൽ മിശ്രക്കും ക്ലീൻ ചിറ്റ് നൽകുകയും ചെയ്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് എസ്‌ഐടിയെ രൂപീകരിച്ചതെന്നും ജയറാം രമേശ് ആരോപിച്ചു.

ഏപ്രിൽ 27നും ജൂൺ 5നും ഇടയിൽ 105 തവണയാണ് കൊള്ള ക്യാമറയിൽ പതിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഭാവന എണ്ണുന്നതിന്റെ ചുമതലയുള്ള ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഖജനാവിന്റെ ചുമതലയുള്ളവർ തന്നെ ക്ലീൻ ചിറ്റ് നൽകുന്നത് അംഗീകരിക്കാനാവില്ല. പണത്തിന്റെ വരവും പോക്കും അറിയേണ്ട ട്രഷറർ ഗോവിന്ദ് ഗിരി ചമ്പത് റായിക്ക് പങ്കില്ലെന്ന് പറഞ്ഞതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

എത്ര തുകയാണ് നഷ്ടമായതെന്നോ വിലപിടിപ്പുള്ള വസ്തുക്കൾ എന്തൊക്കെയാണെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജൂൺ 23ലെ പ്രാഥമിക റിപ്പോർട്ടിൽ തന്നെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൺട്രോൾ റൂം പലപ്പോഴും ആളില്ലാതെ കിടന്നു. എന്നിട്ടും മറ്റ് ഉത്തരവാദികളെ കണ്ടെത്താൻ ശ്രമമുണ്ടായില്ല. യഥാർത്ഥ കണക്ക് പുറത്തുവിടാതെ അന്വേഷണം അവസാനിപ്പിച്ചതെങ്ങനെയെന്നും ജയറാം രമേശ് ചോദിച്ചു.

ജൂൺ 25നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് സംഭാവന എണ്ണുന്ന എട്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. എന്നാൽ ട്രസ്റ്റിന്റെ ഒരു മുൻ ഭാരവാഹി പോലും എഫ്ഐആറിൽ ഇല്ല. താഴെ തട്ടിലുള്ളവർ ജയിലിലും മുതിർന്നവർ പുറത്തും. എന്തുകൊണ്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റോ (ഇഡി) സിബിഐയോ വിശദമായി ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു.

അയോധ്യയിലെ തെരഞ്ഞെടുപ്പ് തോൽവിയിലൂടെ രാമൻ മുന്നറിയിപ്പ് നൽകിയിട്ടും ബിജെപി പാഠം പഠിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. സംഘപരിവാർ ബന്ധമുള്ളവർ ഉൾപ്പെട്ട കേസിൽ ബിജെപി സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. അതിനാൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ayodhya Temple Donation Scam
Next Story