ബന്ദിപ്പൂർ: കേരളത്തിന് വീണ്ടും തിരിച്ചടി
text_fieldsബംഗളൂരു: ബന്ദിപ്പൂർ വനത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തെ പിന്തുണച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിൽ യാത്രാനിരോധനം തുടരണമെന്ന് വിദഗ്ധ സമിതി ചെയർമാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറിയുമായ വൈ.എസ് മാലിക് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിതല യോഗത്തിലെ തീരുമാനമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. കർണാടകക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും കടുവാ സംരക്ഷണ അതോറിറ്റിക്കും പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയംകൂടി രാത്രിയാത്രാനിേരാധനത്തെ പിന്തുണച്ചതോടെ പ്രശ്നപരിഹാരത്തിനുള്ള കേരളത്തിെൻറ വഴികളാണ് വീണ്ടും അടഞ്ഞത്.
രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട്, ഇക്കഴിഞ്ഞ മേയ് ഒന്നിന് കേസ് പരിഗണിച്ചപ്പോഴാണ് മുൻ നിലപാടിൽനിന്ന് വ്യത്യസ്തമായി നിരോധനത്തെ പിന്തുണച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം സത്യവാങ്മൂലം നൽകിയത്. യാത്ര നിരോധനത്തിന് പരിഹാരമായി മേൽപാലം ഉൾപ്പെടെ നിർമിക്കാനുള്ള പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, രാത്രിയാത്ര നിരോധനം തുടരണമെന്ന, ഉന്നതാധികാര സമിതി നൽകിയ സത്യവാങ്മൂലം അംഗീകരിക്കുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
രാത്രിയാത്ര നിരോധനത്തിന് ശാശ്വത പരിഹാരമായുള്ള മേൽപാല നിർമാണത്തിൽ കേന്ദ്രം ഒളിച്ചുകളിതുടരുകയാണെന്ന ആക്ഷേപം നിലനിൽക്കെയാണ് നിരോധനം തുടരാമെന്ന് ഗതാഗത മന്ത്രാലയത്തിെൻറ മലക്കംമറിച്ചിൽ. മേൽപാല നിർമാണത്തിൽനിന്നും പിന്നാക്കം പോയെന്ന് മാത്രമല്ല, കേന്ദ്രം പിന്തുണക്കുകകൂടി ചെയ്തതോടെ കേരളത്തിെൻറ വഴികൾ ഏറക്കുറെ അടഞ്ഞിരിക്കുകയാണ്. കേസ് ആഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.