17 ലക്ഷവുമായി ബാങ്ക് ഡ്രൈവർ മുങ്ങി; പത്ത് ദിവസത്തിനുശേഷം പിടിയിൽ
text_fieldsമുംബൈ: ബാങ്കിന്‍റെ വാതിൽപ്പടി സേവനവുമായി ബന്ധപ്പെട്ട് പണം ശേഖരിച്ച് എത്തിക്കുന്ന ഡ്രൈവർ ലക്ഷങ്ങളുമായി മുങ്ങി. വ്യാപക അന്വേഷണത്തിനൊടുവിൽ പത്ത് ദിവസങ്ങൾക്കുശേഷം ബിഹാറിൽനിന്നും ഇയാൾ പിടിയിലായി. 17 ലക്ഷം രൂപയുമായി മുങ്ങിയ ഇയാളെ പിടികൂടിയെങ്കിലും 10.7 ലക്ഷം രൂപയാണ് കണ്ടെത്താനായത്.
അനിൽ യാദവ് എന്നയാളാണ് പ്രതി. ബാങ്കുകളുടെ വാതിൽപ്പടി സേവനത്തിന്‍റെ ഭാഗമായി പണം ശേഖരിക്കാനും ഡെലിവറി ചെയ്യുന്നതിനുമായി കോൺസുലേറ്റുകൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ ഇയാൾക്കൊപ്പം പോയി സന്ദർശിക്കാറുണ്ടായിരുന്നെന്ന് ബാങ്ക് മാനേജർ ജിതേന്ദ്ര സിങ് പറയുന്നു. ആഗസ്ത് 18ന് ഇത്തരത്തിൽ കളക്ഷനായി പുറപ്പെട്ടു. സൗദി കോൺസുലേറ്റിൽനിന്നും ബഹ്‌റൈൻ കോൺസുലേറ്റിൽനിന്നുമായി പണം ശേഖരിച്ചു. കുവൈത്ത് കോൺസുലേറ്റിൽ നിന്ന് കൂടുതൽ പണം ശേഖരിക്കാൻ ബാഗ് ഓഫീസ് കാറിൽ വെച്ചാണ് പോയത്. അപ്പോൾ 17,35,360 രൂപ ബാഗിൽ ഉണ്ടായിരുന്നതായി ബാങ്ക് മാനേജർ പൊലീസിനോട് പറഞ്ഞു.
പണം ശേഖരിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ അനിൽ യാദവ് ഉണ്ടായിരുന്നില്ലെന്നും ബാഗും നഷ്ടപ്പെട്ടിരുന്നെന്നും ഇദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യാദവിനെ മെട്രോപൊളിറ്റൻ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കടം കൊണ്ട് വലഞ്ഞതോടെയാണ് ഇയാൾ മോഷ്ടിച്ചതെന്നാണ് മറൈൻ ഡ്രൈവ് പൊലീസിന് ലഭിച്ച വിവരം. മോഷ്ടിച്ച തുകയിൽ നിന്നും യാദവ് ഏതാനും കടം വീട്ടിയതായും പൊലീസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.