വോട്ടുകൊള്ള തെരഞ്ഞെടുപ്പ് കമീഷൻ സമ്മതിച്ചു -പവൻ ഖേര
text_fieldsന്യൂഡൽഹി: രാഹുലിന്‍റെ വോട്ടുകൊള്ള വിഷയത്തിൽ മറുപടി പറഞ്ഞ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ, വോട്ടുകൊള്ള സമ്മതിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. അടിസ്ഥാനപരമായി അവർ വോട്ടുകൾ മോഷ്ടിച്ചു എന്ന് സമ്മതിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പിന്നെ എന്തുകൊണ്ട് നമ്മൾ അവരെ കൃത്യസമയത്ത് പിടികൂടിയില്ല?. ഇതുപോലൊന്ന് നിങ്ങൾ മുമ്പ് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഞാൻ ഇതെല്ലാം ആദ്യമായാണ് കേൾക്കുന്നത്. വോട്ടവകാശം തന്നെ ആരെങ്കിലും മോഷ്ടിക്കുമ്പോൾ പിന്നെ തെരഞ്ഞെടുപ്പിന്‍റെ അവസ്ഥ എന്തായിരിക്കും? പ്രശ്നം, രാജ്യത്തെ ജനങ്ങളെ രക്ഷിക്കേണ്ടതുണ്ട് എന്നതാണ്. രാജ്യത്തെ അടിച്ചമർത്തപ്പെട്ടവർ, ആദിവാസികൾ, ദലിതർ, എല്ലാവരെയും ഇത് ബാധിക്കും -ഖേര പറഞ്ഞു.
ബിഹാറിൽ കോൺഗ്രസ് സംഘടിപ്പിച്ച വോട്ട് അധികാർ റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജനതാ ദൾ നേതാക്കളായ ലാലു യാദവ്, തേജസ്വി യാദവ് എന്നിവരടക്കം റാലിയിൽ പങ്കെടുത്തു.
രാഹുൽ ഗാന്ധി ദിവസങ്ങൾക്ക് മുമ്പ് തെളിവുകൾ നിരത്തി നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഇന്ന് വാർത്താ സമ്മേളനം നടത്തിയത്. ഗുരുതര ആരോപണങ്ങളിൽ വ്യക്തമായ ഉത്തരം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നൽകിയില്ല.
വോട്ടർ പട്ടിക പരിഷ്കരണത്തിൽനിന്ന് പിൻമാറില്ലെന്നും ഭരണഘടനാപരമായ ചുമതലയിൽനിന്ന് പിന്നോട്ടു പോവില്ലെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടർ പട്ടിക തീവ്ര പരിശോധന ബംഗാളിൽ നടപ്പിലാക്കും. ഇന്ത്യൻ പൗരൻമാരല്ലാത്ത, കുടിയേറ്റക്കാരായ ആർക്കും വോട്ടവകാശമുണ്ടായിരിക്കില്ലെന്നും കമീഷണർ പറഞ്ഞു. കമീഷന് പക്ഷപാതിത്വമില്ലെന്നും വിവേചനമില്ലെന്നും ആവർത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.