ഡൽഹി ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വിജയം
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിെയയും കോൺഗ്രസിനെയും പിന്തള്ളി അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിക്ക് വ്യക്തമായ മുന്നേറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ സസൂക്ഷ്മം നിരീക്ഷിച്ച ബവാന സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ 24,000ൽപരം വോട്ടിനാണ് എ.എ.പി തോൽപിച്ചത്. കോൺഗ്രസ് ഇവിടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.
നിയമസഭതെരഞ്ഞെടുപ്പിൽ എ.എ.പി ടിക്കറ്റിൽ ജയിച്ച വേദപ്രകാശ് ബി.ജെ.പിയിൽ ചേക്കേറിയതിനെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂറുമാറിയതിനാൽ േവദപ്രകാശിന് എം.എൽ.എസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച വേദപ്രകാശിനെത്തന്നെയാണ് എ.എ.പി സ്ഥാനാർഥി രാംചന്ദർ പരാജയപ്പെടുത്തിയത്.
എ.എ.പി ഭരിക്കുന്ന ഏക സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുഫലം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറയും ആം ആദ്മി പാർട്ടിയുടെയും ജനസമ്മതിയുടെ അളവുകോലായി പ്രചാരണഘട്ടത്തിൽ ചിത്രീകരിക്കപ്പെട്ടിരുന്നു. അധികാരത്തിലേറിയശേഷം തിരിച്ചടികൾ പലതും അനുഭവിക്കേണ്ടി വെന്നങ്കിലും, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിെയക്കാൾ ഡൽഹി ജനത ഇഷ്ടപ്പെടുന്നത് തങ്ങളെയാണെന്ന് ചൂണ്ടിക്കാണിക്കാൻ ഇൗ ഫലം കെജ്രിവാളിനും പാർട്ടിക്കും വലിയ സഹായമായി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെന്നപോലെ 2019 ലും ഡൽഹിയിലെ ഏഴു സീറ്റും പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. അതിനേറ്റ തിരിച്ചടി കൂടിയാണ് ഉപതെരഞ്ഞെടുപ്പുഫലം. യു.പിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള വോട്ടർമാർ കൂടുതലുള്ള മണ്ഡലമാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ബവാന. ഇൗ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിക്കും തെരഞ്ഞെടുപ്പുഫലം തിരിച്ചടിയായി.
ഉപതെരഞ്ഞെടുപ്പുഫലത്തോടെ 70 അംഗ ഡൽഹി നിയമസഭയിൽ എ.എ.പിക്ക് 66 അംഗങ്ങളായി. 67 സീറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതെങ്കിലും രജൗരി സീറ്റ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ൈകയടക്കി. നഗരസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കാണ് മേൽക്കൈ ലഭിച്ചത്. 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസിന് നിലവിൽ നിയമസഭയിൽ ഒരംഗം പോലുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.