‘അയാൾ കരഞ്ഞു, മാപ്പപേക്ഷിച്ചു; കുടുംബത്തെ ഓർക്കണമെന്ന് പറഞ്ഞു’
text_fieldsന്യൂഡൽഹി: ‘ഞാൻ ഒരിക്കലും അയാളെ കാണാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, എയർ ഇന്ത്യ കാബിൻ ക്രൂ എനിക്കെതിരെയുള്ള സീറ്റിൽ കൊണ്ടുവന്നിരുത്തി. അയാൾ കരഞ്ഞു. മാപ്പപേക്ഷിച്ചു. ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബമുണ്ട്. കുടുംബത്തെ ഓർത്ത് പരാതി നൽകരുതെന്ന് യാചിച്ചു. എനിക്ക് അയാളുടെ മുഖത്തേക്കുപോലും നോക്കാൻ തോന്നിയില്ല’ നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ യാത്രചെയ്യുന്നതിനിടെ സഹയാത്രികൻ ദേഹത്തേക്ക് മൂത്രമൊഴിച്ച വയോധികയുടെ വാക്കുകളാണിത്.
വിമാനത്തിൽ തനിക്കെതിരെയുള്ള സീറ്റിൽ ഇരുന്ന് അയാൾ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാൻപോലും സാധിച്ചില്ലെന്നും അവർ പറഞ്ഞു. തന്റെ ശരീരത്തിലും ബാഗിലും സീറ്റിലും മൂത്രമൊഴിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കുന്നതിനുപകരം തനിക്ക് എതിരെ കൊണ്ടുവന്ന് ഇരുത്തുകയാണ് ചെയ്തതെന്നും എയർ ഇന്ത്യ മാനേജ്മെന്റിന് നൽകിയ കത്തിൽ അവർ പറയുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അമേരിക്കൻ ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനത്തിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് ശങ്കർ മിശ്രയാണ് യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. ഇയാൾ മുംബൈ സ്വദേശിയാണ്. ശങ്കർ മിശ്രയെ പിടികൂടാൻ ഡൽഹി പൊലീസ് രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നാല് പേരടങ്ങിയ ഒരു സംഘം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മുംബൈയിലെ വസതിയിൽ എത്തിയിരുന്നു. കുർളയിലെ കാമ്ഗർ നഗറിലെ വീട് അടച്ചിട്ട നിലയിലാണ്. മിശ്രയെ അവസാനമായി കണ്ട ബംഗളൂരുവിലാണ് ഒരു സംഘമുള്ളത്. ബംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ മിശ്ര എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തു.
ശങ്കർ മിശ്രക്കായി ലൂക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിന് ഇരയായ സ്ത്രീ ക്ഷമിച്ചതായും പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറയുന്ന വാട്സ്ആപ്പ് ചാറ്റ് മിശ്ര പുറത്തുവിട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.