ഗവർണറുടെ നിർദേശം അംഗീകരിക്കില്ലെന്ന്; ബംഗാളിൽ രണ്ട് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ
text_fieldsകൊൽക്കത്ത: പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ ഇടപെടണമെന്ന് പശ്ചിമ ബംഗാൾ സ്പീക്കർ ബിമൻ ബാനർജി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറോട് ആവശ്യപ്പെട്ടു. രാജ്ഭവനിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യണമെന്ന ഗവർണർ സി.വി. ആനന്ദ ബോസിന്റെ നിർദേശം അംഗീകരിക്കാൻ നിയുക്ത എം.എൽ.എമാർ തയാറാകാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. നിയമസഭ മന്ദിരത്തിൽ ഇവർ ധർണ നടത്തുകയും ചെയ്തു.
വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിനും സ്പീക്കർ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയെ ഫോണിൽ വിളിച്ച് ഇടപെടൽ തേടിയത്. 2019 ജൂലൈ മുതൽ 2022 ജൂലൈ വരെ ബംഗാൾ ഗവർണറായിരുന്നു ധൻഖർ. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയിൽവെച്ച് സത്യപ്രതിജ്ഞ നടത്തണമെന്നാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരായ സായന്തിക ബന്ദോപാധ്യായ, റയത് ഹുസൈൻ സർക്കാർ എന്നിവർ ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച ആരംഭിച്ച ധർണ ഇരുവരും വെള്ളിയാഴ്ചയും തുടർന്നു. സത്യപ്രതിജ്ഞ നടത്താൻ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ ഗവർണർ നിയോഗിക്കുന്നതാണ് കീഴ്വഴക്കമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.