ബംഗാൾ എസ്.ഐ.ആർ: അപ്പീൽ തീർപ്പാക്കാൻ പത്തുവർഷത്തിലേറെ വേണ്ടിവരും
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ പട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടവർക്ക് ഇനി വോട്ട് ചെയ്യാൻ പല തെരഞ്ഞെടുപ്പുകൾ കഴിയാൻ കാത്തിരിക്കേണ്ടി വരും. സുപ്രീംകോടതി രൂപവത്കരിച്ച ട്രൈബ്യൂണലുകളിലെ അപ്പീലുകൾ മുഴുവൻ തീർപ്പാക്കാൻ 12 വർഷമെങ്കിലും എടുക്കുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനമാരംഭിച്ച ട്രൈബ്യൂണലുകൾ അഞ്ച് മാസം കൊണ്ട് തീർപ്പാക്കിയത് 1,26,194 അപ്പീലുകൾ മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കിയത്.
ശനിയും ഞായറും കൂടി ട്രൈബ്യൂണലുകൾ പ്രവർത്തിച്ചാലും മാസം ശരാശരി 25,238 കേസുകളിൽ മാത്രമാണ് തീരുമാനമെടുക്കാൻ കഴിയുക. സത്യവാങ്മൂലം സമർപ്പിച്ച സെപ്റ്റംബർ 16 ലെ കണക്കനുസരിച്ച് 37,05,235 അപ്പീലുകളാണ് തീർപ്പാകാനുള്ളത്. അങ്ങനെയാണെങ്കിൽ ട്രൈബ്യൂണലുകൾ ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിച്ചാലും തീർപ്പാക്കാൻ 146 മാസം, അതായത് പന്ത്രണ്ട് വർഷത്തിലേറെ വേണ്ടിവരും.
37 ലക്ഷത്തിലേറെ അപ്പീലുകൾ തീർപ്പാക്കാൻ കേവലം 24 ട്രൈബ്യൂണലുകൾ തികച്ചും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് കമീഷൻ അത് 42 ആയി വർധിപ്പിക്കണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജഡ്ജിമാർക്ക് അനുമതി നൽകണമെന്നുമാണ് കോടതിയിൽ ആവശ്യപ്പെട്ടത്.
യാത്രാസമയം ലാഭിക്കുമ്പോൾ ജഡ്ജിമാർക്ക് കൂടുതൽ അപ്പീലുകൾ പരിഗണിക്കാനും തീർപ്പാക്കാനും കഴിയുമെന്നാണ് വാദം. തൃണമൂൽ കോൺഗ്രസ് എം.പി ഡെറെക് ഒബ്രയാൻ സമർപ്പിച്ച ഹരജിക്കുള്ള പ്രതികരണമായാണ് ഈ അഭ്യർഥനയുമായി തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

