Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മോദിക്ക് അധികാരമുണ്ടാകാം, ഞങ്ങൾക്ക് തെരുവുകളുണ്ട്’; ബംഗളൂരുവിൽ സിജെപിയുടെ ജനകീയ ട്രിബ്യൂണലിന് തുടക്കം

text_fields
bookmark_border
ധ്രുവ് റാഠിയും പ്രകാശ് രാജും വേദിയിൽ
Peoples Tribunal
cancel
camera_alt

ജനകീയ ട്രിബ്യൂണൽ

ബംഗളൂരു: കർണാടകയിൽ വോട്ടർപട്ടികയിൽനിന്ന് അന്യായമായി പേരുകൾ വെട്ടിമാറ്റപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ജനകീയ ട്രിബ്യൂണൽ (പീപ്പിൾസ് ട്രിബ്യൂണൽ) ആരംഭിച്ചു. സിജെപി നേതാക്കൾക്കൊപ്പം ധ്രുവ് റാഠിയും പ്രകാശ് രാജും പ്രതിഷേധ സ്ഥലത്തെത്തിയതോടെ പരിപാടിക്ക് തുടക്കമായി. എസ്.ഐ.ആറിൽ പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ വിഡിയോ സാക്ഷ്യങ്ങൾ പ്രദർശിപ്പിച്ചാണ് പ്രതിഷേധം തുടങ്ങിയത്.

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് തെറ്റായി പേരുകൾ നീക്കം ചെയ്തതിൽ ആശങ്ക ഉന്നയിക്കുന്ന ജനകീയ ട്രൈബ്യൂണലിനും പരിപാടി സാക്ഷ്യം വഹിക്കും. ഇതിന് ശേഷം 'ചെരുപ്പ് പ്രതിഷേധവും' നടക്കും. ഒക്ടോബർ മൂന്നിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി ആരോപിച്ച മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ‘ചെരുപ്പ് പ്രതിഷേധം’ സംഘടിപ്പിക്കുന്നത്.

തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ 'വനിതാ ഐക്യദാർഢ്യ മാർച്ച്' പ്രഖ്യാപിച്ച് സിജെപി.ആളുകളോട് സ്വന്തം ചെരുപ്പുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന് ശേഷം ഈ ചെരുപ്പുകൾ ആവശ്യക്കാർക്ക് ദാനം ചെയ്യുമെന്നും പോസ്റ്റിൽ വ്യക്തമാക്കി.

‘എന്തിനാണ് വോട്ട് മോഷണം നടക്കുന്നത്. 2024ൽ ബിജെപിയും പ്രതിപക്ഷവും തമ്മിൽ 2 ശതമാനം വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇപ്പോൾ അവർ രാജ്യത്തുടനീളം 30 കോടി വോട്ടുകൾ ഡിലീറ്റ് ചെയ്യുകയാണ്. നരേന്ദ്ര മോദിക്ക് അധികാരമുണ്ടാകാം, പക്ഷേ തെരുവുകൾ ഞങ്ങൾക്കുണ്ട്. ഞങ്ങൾ ഇവിടെ നിന്ന് ഞങ്ങളുടെ അധികാരം തിരിച്ചുപിടിക്കും. പ്രതിഷേധ വേദിയിൽ സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു.

‘ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാൽ എസ്ഐആർ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതിയായി. ഇതൊരു ശുദ്ധീകരണ പ്രക്രിയയല്ല. പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നത് വെറുമൊരു സംഖ്യ മാത്രമായി കാണാനാവില്ല. ഇതിന് പിന്നിൽ കൃത്യമായ ഒരു പാറ്റേണുണ്ട്. ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, മുസ്‌ലിംകള്‍ എന്നിവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത്' പ്രകാശ് രാജ് പറഞ്ഞു. ഒക്ടോബർ പത്തിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കും.

വ്യാഴാഴ്ച രാവിലെ മുതൽ തന്നെ നിരവധി ആക്ടിവിസ്റ്റുകളും സിവിൽ സൊസൈറ്റി സംഘടനകളും ബംഗളൂരുവിലെ ഫ്രീഡം പാർക്കിലേക്ക് ഒഴുകിയെത്തിയതോടെ ജനക്കൂട്ടം വർധിക്കാൻ തുടങ്ങി. ഉച്ചക്ക് ഒരു മണിയോടെ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവർ വേദിയിലെത്തി. തുടർന്ന് റാഠിയുടെയും പ്രകാശ് രാജിന്റെയും കൈകൾ ഉയർത്തിപ്പിടിച്ചതോടെ ജനക്കൂട്ടം വോട്ട് ചോർ, വോട്ട് ചോർ മുദ്രാവാക്യങ്ങൾ മുഴക്കി.

വോട്ട് മോഷണം, തെരഞ്ഞെടുപ്പ് ഹൈജാക്കിങ്, വോട്ടർ പട്ടികയിൽ നിന്ന് ജെൻ സി വിഭാഗത്തെ ഒഴിവാക്കിയെന്ന ആരോപണം തുടങ്ങിയ ആശങ്കകളിൽ രാജ്യത്തുടനീളമുള്ള യുവാക്കൾ ഡൽഹിയിൽ ഒത്തുചേരുമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി, എസ്ഐആറിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കൽ, പരിഷ്കരണ നടപടികൾ മരവിപ്പിക്കൽ എന്നിവയാണ് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കുമാർ രാജിവെച്ചാലും പ്രക്ഷോഭം തുടരുമെന്നും വിശാലമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ആവശ്യമാണെന്നും സൗരവ് പറഞ്ഞു. ‘നല്ലവരായ എല്ലാവരും ഗ്യാനേഷ് കുമാറിനെതിരെ ഒന്നിച്ചു. നീതിക്ക് വേണ്ടി നാട് മുഴുവൻ തെരുവിൽ ഇറങ്ങി’ എന്നാണ് സൗരവ് എക്സിൽ കുറിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengaluru Tribunal Against Vote Theft Begins
Next Story