'പൊലീസിന് കീഴടടങ്ങുന്നതിലും നല്ലത് മരണമാണ്'; രക്ഷപ്പെടാൻ അഞ്ചാം നിലയിൽ നിന്ന് ചാടാനൊരുങ്ങി ഷൂട്ടർ
text_fieldsഅഹമ്മദാബാദ്: പൊലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഒരു ക്രിമിനലിനെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്ത് കൈയടി നേടിയിരിക്കുകയാണ് അഹമ്മദാബാദിലെ പൊലീസ്. നിരവധി കേസുകളിൽ പ്രതിയായ ഷൂട്ടർ എന്നറിയപ്പെടുന്ന അഭിഷേക് തോമർ തന്‍റെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞ് തെരഞ്ഞെത്തിയ പൊലീസിനെ മണിക്കൂറുകളോളമാണ് ഇയാൾ മുൾമുനയിൽ നിർത്തിയത്. പൊലീസ് പിന്തിരിഞ്ഞുപോയില്ലെങ്കിൽ അഞ്ചാംനിലയിൽ നിന്ന് ചാടും എന്നായിരുന്നു ഭീഷണി. പൊലീസിന് മുന്നിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് എന്നായിരുന്നു അഭിഷേകിന്‍റെ വാദം.
ശിവം ആവാസ് റസിഡൻസിൽ അഭിഷേക് എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് ഇവിടേക്ക് കുതിച്ചെത്തിയത്. പൊലീസ് പുറത്തുനിന്ന് വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. അഞ്ചാം നിലയിൽ അടുക്കള വാതിലൂടെ പുറത്തിറങ്ങി ഇയാൾ പാരപ്പറ്റിന്‍റെ അറ്റത്ത് നിന്ന് ഭീഷണി മുഴക്കുകയായിരുന്നു. അഭിഷേകിനെ കണ്ട് താഴെ ജനം തടിച്ചുകൂടി. മാത്രമല്ല, തന്‍റെ മൊബൈൽ ഫോണിലൂടെ സംഭവം മുഴുവൻ ഇയാൾ ലൈവ് സ്ട്രീം ചെയ്തുകൊണ്ടിരുന്നതും കാഴ്ചക്കാരുടെ എണ്ണം വർധിപ്പിച്ചു.
ഇതിനിടെ അപകടഘട്ടം തരണം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങൾ പൊലീസ് ഒരുക്കി. ക്രൈബ്രാഞ്ച് ഓഫിസർ റെക്കോഡ് ചെയ്ത വിഡിയോയിൽ 'എത്ര മോശമായാണ് നിങ്ങളെന്നോട് പെരുമാറുക എന്ന് എനിക്കറിയാം. അതിലും നല്ലത് മരണമാണ്' എന്ന് ഇയാൾ പറയുന്നുണ്ട്. മാന്യമായി പെരുമാറാമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടും അഭിഷേക് വഴങ്ങിയില്ല.
ഫയർ ഫോഴ്സിനെ വിളിച്ചുവരുത്തി ഇയാളെ അപകടമില്ലാതെ ഇറക്കാനുള്ള സംവിധാനം ഇതിനിടെ പൊലീസ് ഒരുക്കിയിരുന്നു. മൂന്ന് മണിക്കൂറോളമാണ് പക്ഷെ ഇതിനായി പൊലീസും ഫയർ ഫോഴ്സും ചെലവഴിച്ചത്. അഹമ്മദാബാദിലെ പല സ്റ്റേഷനുകളിലും നിരവധി കേസുകളുള്ള ഇയാളെ സാഹസികമായി രക്ഷപ്പെടുത്തിനുപിറകെ തന്നെ അറസ്റ്റും രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.