‘അത് ഭാരതത്തിന്‍റെ കാര്യം’; ഓപറേഷൻ സിന്ദൂറിൽ തരൂരിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി മറ്റൊരു എം.പി കൂടി
text_fieldsന്യൂഡൽഹി: പാർലമെന്‍റിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഗ്രസ് എം.പി ശശി തരൂർ പങ്കെടുക്കുന്നില്ലെന്ന വാർത്തക്ക് വലിയ പ്രാധാന്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നത്. സൈനിക ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് പാളിച്ചകൾ പറ്റിയെന്ന് കോൺഗ്രസ് നിരന്തരം വാദിക്കുമ്പോൾ ഇതിന് നേർവിപരീത നിലപാടുമായി തരൂർ രംഗത്ത് വന്നത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഇപ്പോൾ തൂരൂരിന് പുറമെ സമാന അഭിപ്രായവുമായി മറ്റൊരു എം.പി കൂടി രംഗത്തുവന്നത് കോൺഗ്രസിന്‍റെ തലവേദന കൂട്ടിയിരിക്കുകയാണ്.
മുൻ കേന്ദ്രമന്ത്രി കൂടിയായ ചണ്ഡിഗഢിൽനിന്നുള്ള എം.പി മനീഷ് തിവാരിയുടെ എക്സ് പോസ്റ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ‘ഹേ പ്രീത് ജഹാം കി രീത് സദാ’ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്‍റെ വരികൾ കുറിച്ച്, എന്തുകൊണ്ട് തരൂരിനെയും തിവാരിയെയും പാർട്ടി ചർച്ചയിൽനിന്ന് മാറ്റിനിർത്തിയെന്ന വാർത്തയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തിയാണ് അദ്ദേഹം എക്സിൽ പോസ്റ്റ് പങ്കുവെച്ചത്.
തനിക്ക് ചർച്ചയിൽ സംസാരിക്കാൻ താൽപര്യമുണ്ടെന്ന് മനീഷ് തിവാരി കോൺഗ്രസിനെ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ലെന്നാണ് വിവരം. നേരത്തെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ വിദേശ രാജ്യങ്ങൾ സന്ദർശിച്ച കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തിൽ തിവാരിയെയും ഉൾപ്പെടുത്തിയിരുന്നു. ഇതിനെ ന്യായീകരിച്ച് ധീര സൈനികരെ പുകഴ്ത്തുന്ന സിനിമ ഗാനം അദ്ദേഹം എക്സിൽ പങ്കുവെച്ചിരുന്നു.
അതേസമയം പാർലമെന്‍റിൽ ഓപറേഷൻ സിന്ധൂറിൽ ചർച്ച പുരോഗമിക്കുകയാണ്. എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് താൻ മൗനവ്രതത്തിലാണെന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. വിദേശ സന്ദർശനത്തിനു ശേഷം തുടർച്ചയായി കേന്ദ്രത്തെ പ്രകീർത്തിച്ച തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. രാജ്യത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നും അതിനു ശേഷമേ പാർട്ടിയുള്ളൂ എന്നുമായിരുന്നു വിമർശകരോട് തരൂരിന്‍റെ മറുപടി. സമാന നിലപാടാണ് തിവാരിയും സ്വീകരിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.