മുംബൈയിൽ 175 കിലോ നിരോധിത മഗൂർ മത്സ്യം പടികൂടി
text_fieldsഭിവണ്ടി: മുംബൈയിൽ 175 കിലോഗ്രാം നിരോധിത മഗൂർ മത്സ്യം പിടികൂടി. ഭിവണ്ടിയിലെ കൊണ്ടാജിവാടിയിലുള്ള മത്സ്യക്കടയിലും സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്നുമാണ് മത്സ്യം പിടിച്ചെടുത്തത്. ജില്ലാതല മഗൂർ നിർമാർജന സമിതിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. താനെ-പാൽഘർ ഫിഷറീസ് വകുപ്പ്, ഭിവണ്ടി-നിസാംപൂർ സിറ്റി മുനിസിപ്പൽ കോർപറേഷൻ (ബി.എൻ.സി.എം.സി), ശാന്തിനഗർ പൊലീസ് സ്റ്റേഷൻ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഇംറാൻ നാസിർ ഖുറേഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലായിരുന്നു ആദ്യ പരിശോധന. തുടർന്ന് 4.5 കിലോ തൂക്കം വരുന്ന രണ്ട് മഗൂർ മത്സ്യങ്ങൾ കണ്ടെത്തി. പിന്നാലെ പ്രദേശവാസികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്ക് പുറത്ത് നിർത്തിയിരുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാഹനവും പരിശോധിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് ഡ്രമ്മുകളിൽനിന്ന് 171 കിലോ മഗൂർ മത്സ്യം കണ്ടെത്തുകയും ചെയ്തു. കടയിൽനിന്നും വാഹനത്തിൽനിന്നുമായി ആകെ 175 കിലോ നിരോധിത മഗൂർ മത്സ്യമാണ് പിടികൂടിയത്. പിടികൂടിയ മത്സ്യം ഭിവണ്ടിയിലെ രാംനഗർ-ചാവിന്ദ്രയിലെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ച് ശാസ്ത്രീയസംസ്കരണം നടത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ മത്സ്യവ്യാപാരി ഇംറാൻ നാസിർ ഖുറേഷിക്കെതിരെ ശാന്തിനഗർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മത്സ്യം കൊണ്ടുപോകാൻ ഉപയോഗിച്ച പിക്കപ്പ് വാഹനത്തിന്റെ ഉടമസ്ഥാവകാശവും പൊലീസ് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

