കളി മാറിയ ബിഹാറിൽ പോരാട്ടം കനക്കും
text_fieldsന്യൂഡൽഹി: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേവലം 16,825 വോട്ടുകൾക്കാണ് കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ചുണ്ടിനും കപ്പിനുമിടയിൽ സംസ്ഥാന ഭരണം നഷ്ടമായത്. ഈ ഒരു ആത്മവിശ്വാസത്തിലാണ് ഭരണവിരുദ്ധ വികാരവും അനാരോഗ്യവും ഒരുമിച്ച് വേട്ടയാടുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇക്കുറി അനായാസം വീഴ്ത്താമെന്ന് തേജസ്വി യാദവ് കിനാവ് കണ്ടത്.
വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) എന്ന തുറുപ്പു ചീട്ടുംകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിൽ തന്റെ വിശ്വസ്തനായിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ അമിത് ഷാ രംഗത്തിറക്കിയതാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ നിയമസഭ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഒരുപോലെ പറയുന്നതിന്റെ കാരണവുമിതാണ്. 2025 ജൂണിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടികയിൽ നിന്ന് 68.66 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റുകയും 21 ലക്ഷം പേരെ കൂട്ടിച്ചേർക്കുകയും ചെയ്തതോടെ ബിഹാറിൽ കളി മാറി. എസ്.ഐ.ആർ കഴിഞ്ഞേ, ‘ഇൻഡ്യ’ സഖ്യത്തിന് മുന്നിൽ കേന്ദ്രത്തിലെയും ബിഹാറിലെയും എൻ.ഡി.എ സർക്കാറുകൾ പ്രഖ്യാപിച്ച ‘സൗജന്യ’ങ്ങളുടെ കാര്യത്തിൽ പോലും ആശങ്കയുള്ളൂ.
വോട്ടുചോരിയിലൂന്നി ഇൻഡ്യയുടെ പ്രചാരണം
ഇൻഡ്യ സഖ്യത്തിന്റെ കിനാവ് തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇറക്കിയ അവസാന അടവാണ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരക്കിട്ട് നടത്തിയ എസ്.ഐ.ആർ എന്ന് സാധാരണക്കാരെ കൊണ്ടുപോലും പറയിക്കാനായി എന്നതാണ് രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയുണ്ടാക്കിയ ഫലം. രാഹുലിന്റെ യാത്ര കഴിഞ്ഞപ്പോഴേക്കും ‘വോട്ടുചോർ ഗദ്ദി ഛോഡ്’ (വോട്ടു കള്ളാ, കസേര വിടൂ) എന്ന മുദ്രാവാക്യം ബിഹാിൽ ഹിറ്റായി. വോട്ടുകൊള്ളക്ക് വേണ്ടി വ്യാജമായി വോട്ടുവെട്ടലും വോട്ടുചേർക്കലും നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ പ്രകമ്പനങ്ങൾ കെട്ടടങ്ങും മുമ്പാണ് ബിഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. രാഹുലിന്റെ ഹൈഡ്രജൻ ബോംബ് ഇനിയും വരാനിരിക്കുന്നേയുള്ളൂ.
ബിഹാറിൽ ഏതാനും തെരഞ്ഞെടുപ്പുകളിൽ നീതിയും നിഷ്പക്ഷതയും പാലിക്കാതെ വിവേചന പൂർണമായിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ പെരുമാറുന്നതെന്ന പരാതി നിലനിൽക്കുമ്പോഴാണ് അതിനെ കടത്തിവെട്ടുന്ന തരത്തിൽ വിജയപരാജയങ്ങൾ അട്ടിമറിക്കാവുന്ന വോട്ടുവെട്ടലും വോട്ടുചേർക്കലും നടത്തിയത്. മണ്ഡലം തിരിച്ചുള്ള കണക്കുകളിൽ ഗോപാൽഗഞ്ചിൽ 1.5 ലക്ഷവും സാരണിൽ 2.24 ലക്ഷവും ബേഗുസാരായിയിൽ 1.15 ലക്ഷവും സമസ്തിപൂരിൽ 2.18 ലക്ഷവും ഭോജ്പൂരിൽ 1.41 ലക്ഷവും പുരുണിയയിൽ 1.90 ലക്ഷവും വോട്ടുകൾ വെട്ടിമാറ്റിയത് ഫലത്തെ മാറ്റിമറിക്കും. അതിനാൽ വോട്ടുചോരി തന്നെയാകും ഇൻഡ്യ സഖ്യത്തിന്റെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരണ വിഷയം.
അന്തിമപട്ടികയിലെ ജയപരാജയങ്ങൾ
എസ്.ഐ.ആറിലൂടെ 68.66 ലക്ഷം പേരെ കൂട്ടത്തോടെ വെട്ടിമാറ്റുകയും 21 ലക്ഷം പേരെ കൂട്ടിച്ചേർക്കുകയും ചെയ്ത കമീഷൻ നടപടി തങ്ങൾക്ക് അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും ജെ.ഡിയും അടങ്ങുന്ന എൻ.ഡി.എ ഘടകകക്ഷികൾ. അതുകൊണ്ടാണ് എസ്.ഐ.ആറിനെ കമീഷനെപോലെ അവരും ന്യായീകരിക്കുന്നത്. എന്നാൽ, ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടുനഷ്ടമായതിന്റെ പ്രത്യാഘാതം പ്രവചനാതീതമാകുമെന്ന് പലരും പറയുന്നുണ്ട്. അതിനെതിരെ രോഷം അടിത്തട്ടിലുയർന്നാൽ കളി മാറുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പുറത്തുവിട്ടതു മുതൽ പരാതികളുടെ നിലക്കാത്ത പ്രവാഹമുണ്ടായ അന്തിമപട്ടികയായിരിക്കും ആത്യന്തികമായി ഈ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നിർണയിക്കുക.
അനുകൂലമെന്ന് ബി.ജെ.പി കരുതുന്ന മറ്റു ഘടകങ്ങൾ
എൻ.ഡി.എ മുന്നണിയെ നയിച്ച നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെ ഇരട്ടി സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയത്. സംഘടനാ മികവും ജാതി സമവാക്യവും കൊണ്ട് മികച്ചുനിൽക്കുന്നത് ബി.ജെ.പിയാണ്. ചിരാഗ് പസ്വാൻ, ജിതിനൻ റാം മഞ്ചി, ഉപേന്ദ്ര കുഷ്വാഹ തുടങ്ങിയവരെല്ലാം ഏകോപിപ്പിച്ച ജാതി സമവാക്യത്തിന്റെ ഏറ്റവുമധികം പ്രയോജനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചു. എന്നിട്ടും മുഖ്യമന്ത്രിയാക്കാൻ ഒരാളില്ലാതായി.
പ്രായാധിക്യവും അനാരോഗ്യവും പ്രതികൂലഘടകമായി തീർന്ന നിതീഷ് കുമാറിന് പകരം വെക്കാൻ ഒരു മുഖം ഇപ്പോഴും ബി.ജെ.പിക്കില്ല. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാൾ തുടങ്ങിയവർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ തകർത്ത വിശ്വാസ്യത മോദി സ്ത്രീകൾക്ക് പ്രഖ്യാപിച്ച 10,000 രൂപകൊണ്ട് മറികടക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. ജി.എസ്.ടി ഇളവ് പ്രഖ്യാപനവും ഓപറേഷൻ സിന്ദൂറും തെരഞ്ഞെടുപ്പ് പ്രചാരണമാക്കുന്നതോടെ അഴിമതി ആരോപണങ്ങൾ മറക്കുമെന്നാണ് അവർ കരുതുന്നത്. തേജസ്വി മുഖ്യമന്ത്രിയായാൽ ജംഗിൾ രാജ് തിരിച്ചുവരുമെന്നാണ് അവരുയർത്തുന്ന മറ്റൊരു പ്രചാരണം.
കറുത്ത കുതിരയാകാൻ പ്രശാന്ത് കിഷോറിനാകുമോ
നിതീഷ് സർക്കാറിനെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ചും തൊഴിലില്ലായ്മ വിഷയമാക്കിയും ബിഹാറിൽ പ്രചാരണം നടത്തുന്ന പ്രശാന്ത് കിഷോർ താൻ ഇൻഡ്യയുടെയും എൻ.ഡി.എയുടെയും വോട്ടുകൾ ഒരു പോലെ ചോർത്തുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, അദ്ദേഹം ബി.ജെ.പി ബി ടീമാണെന്ന് ഇൻഡ്യ സഖ്യം ആരോപിക്കുന്നു. ബി.ജെ.പി നേതാക്കളുടെ അഴിമതി ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ പ്രശാന്ത് കിഷോറിന് കഴിഞ്ഞിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധി നയിച്ച യാത്രയോടെ പഴയ ആരവം അദ്ദേഹത്തിന് പിറകിലില്ലാതായി. രാഹുലിന്റെ യാത്രക്ക് പിന്നാലെ തേജസ്വി യാദവ് സ്വന്തം നിലക്ക് നടത്തിയ യാത്രയും പ്രശാന്തിന്റെ സ്വപ്നത്തിന് മങ്ങലേൽപിച്ചു. ബിഹാറിൽ ഈ തെരഞ്ഞെടുപ്പിൽ കറുത്ത കുതിരയാകാനുള്ള പ്രശാന്തിന്റെ ശ്രമം വിജയിക്കുമോ എന്ന് കണ്ടറിയണം. എല്ലാം കൂടി ബിഹാറിൽ പോരാട്ടം ഇഞ്ചോടിഞ്ചാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

