ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി; ‘തുടക്കംതൊട്ടേ നിഷ്പക്ഷമല്ലാത്ത തെരഞ്ഞെടുപ്പ് ജയിക്കാൻ സാധ്യമല്ല’
text_fieldsന്യൂഡൽഹി: തുടക്കം തൊട്ടേ നിഷ്പക്ഷമല്ലാത്ത ഇതുപോലൊരു തെരഞ്ഞെടുപ്പ് ജയിക്കാൻ സാധ്യമല്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാസഖ്യത്തിൽ വിശ്വാസമർപ്പിച്ച ബീഹാറിലെ കോടിക്കണക്കിന് വോട്ടർമാരോട് ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോൺഗ്രസും ഇൻഡ്യ സഖ്യവും തെരഞ്ഞെടുപ്പ് ഫലം ആഴത്തിൽ അവലോകനം ചെയ്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ സഖ്യത്തിന്റെ സ്വപ്നങ്ങൾ തകർത്ത് ബിഹാറിൽ വൻ വിജയമാണ് എൻ.ഡി.എ നേടിയത്. 243 നിയമസഭ സീറ്റുകളിൽ 202 ഇടങ്ങളിൽ മികച്ച ലീഡോടെയാണ് ജയം. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന മഹാസഖ്യം 35 സീറ്റിന് മുകളിലേക്ക് നേടിയില്ല. ആർ.ജെ.ഡി 25ഉം കോൺഗ്രസ് ആറും ഇടത് പാർട്ടികൾ മൂന്നും സീറ്റുകളിലാണ് മുന്നിലെത്തിയത്.
ഏറെ പിരിമുറുക്കുങ്ങൾക്കുശേഷമാണ് പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിനുപോലും ജയം ഉറപ്പിക്കാനായത്. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89 ഇടത്തും ബി.ജെ.പി മുന്നേറി. നിതീഷ് കുമാറിന്റെ ജെ.ഡി (യു)വും 2020മായി താരതമ്യം ചെയ്യുമ്പോൾ ഗംഭീര നേട്ടമുണ്ടാക്കി. അന്ന് 43 സീറ്റുകളിൽ ഒതുങ്ങിയ ജെ.ഡി (യു), ഇത്തവണ 85 സീറ്റുകളിൽ മുന്നേറി. 19 ആണ് വോട്ടുശതമാനം.
രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ബി.ജെ.പിയുടെ അവകാശവാദത്തിന് കരുത്തുപകരുന്നതാണ് വിജയം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരിക്കുകൾ ഭേദമാക്കാനും ഇത് ഉപകരിക്കും. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ വിജയത്തിന് പിന്നാലെയാണ് എൻ.ഡി.എ ബിഹാറിലും അധികാരം ഉറപ്പിക്കുന്നത്. താൻ പ്രധാനമന്ത്രി മോദിയുടെ ഹനുമാനാണെന്ന് സ്വയം പ്രഖ്യാപിച്ച കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ എൽ.ജെ.പി ആകെ നിർത്തിയത് 28 സ്ഥാനാർഥികളെയാണ്. അതിൽ ഒരാളുടെ പത്രിക തള്ളിപ്പോയിരുന്നു. ഇവർ 19 ഇടങ്ങളിൽ മുന്നേറുകയാണ്. 122 സീറ്റ് ലഭിച്ചാൽ ബിഹാറിൽ സർക്കാറുണ്ടാക്കാം.
തെരഞ്ഞെടുപ്പ് കമീഷന്റെ വിവാദ പരിഷ്കരണശേഷം വോട്ടർപട്ടികയിൽനിന്ന് ലക്ഷക്കണിക്കാനാളുകൾ പുറത്തുപോയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾ ഏറെയാണ്. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, അസം തെരഞ്ഞെടുപ്പുകളിലും വോട്ടർപട്ടിക തീവ്ര പരിഷ്കരണം പ്രധാന ചർച്ചയാകും.അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് അഞ്ചു സീറ്റുകളോടെ തൽസ്ഥിതി നിലനിർത്തി. ഇവർ 32 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ഒരു സ്ഥാനാർഥിയും വിജയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

