ബിഹാറിൽ ബന്ദ്, മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പ്രതിഷേധം, അറസ്റ്റ്
text_fieldsകൊൽക്കത്ത/ഗുവാഹതി/പട്ന/ഷില്ലോങ്/മുംെബെ/ഭോപാൽ: പൗരത്വഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ ആർ.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇത് സംസ്ഥാനത്തിെൻറ ചിലഭാഗങ്ങളിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രക്ഷോഭം അരേങ്ങറിയ പശ്ചിമബംഗാൾ, അസം, മേഘാലയ സംസ്ഥാനങ്ങളിൽ ശനിയാഴ്ച സ്ഥിതി പൊതുേവ ശാന്തമായിരുന്നു. പട്നയിൽ വടികളുമേന്തി ആർ.ജെ.ഡി പ്രവർത്തകർ റെയിൽവേസ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും ഇരച്ചുകയറി. വൻ പൊലീസ് സംഘം ഇവരെ നേരിട്ടു. െനവാഡയിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. മുസഫർപുരിലെ സീറോ മൈൽ ചൗക്കിൽ സമരക്കാർ വഴിതടഞ്ഞു. അറാറിയ, കിഴക്കൻ ചമ്പാരൻ ജില്ലകളിൽ പ്രതിഷേധക്കാർ റെയിൽപാതകളിൽ കുത്തിയിരുന്നതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടതുപാർട്ടികളും ബിഹാറിൽ ബന്ദാചരിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ സമരം നടത്തിയ 20 പേരെ കസ്റ്റഡിയിലെടുത്തു. 120പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഹിംഗോളി, കലംനൂറി നഗരങ്ങളിൽ വെള്ളിയാഴ്ചയാണ് അക്രമം തുടങ്ങിയത്. പൊലീസിനുനേരെ കല്ലേറുമുണ്ടായി. പർഭാനി, ബീഡ് ജില്ലകളിലും പ്രതിഷേധക്കാർ അറസ്റ്റിലായിട്ടുണ്ട്.
മധ്യപ്രദേശിലെ ജബൽപുരിൽ 35പേർ അറസ്റ്റിലായി. സമരക്കാരുടെ കല്ലേറിൽ 20 പൊലീസുകാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടന്നിരുന്നു. ജബൽപുരിെൻറ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലും ബംഗാളിലും ശനിയാഴ്ച കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ല. സ്ഥിതിഗതികൾ സാധാരണ നിലയിലായതിനെ തുടർന്ന്, മേഘാലയയിൽ മൊബൈൽ ഇൻറർനെറ്റ് നിരോധനം ഇന്നലെ പിൻവലിച്ചു. സംസ്ഥാനത്തിെൻറ പലഭാഗങ്ങളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞയും പിൻവലിച്ചു. അസമിൽ സമരത്തിന് നേതൃത്വം നൽകുന്ന ‘ആസു’ പ്രവർത്തകർ പലയിടങ്ങളിലായി കുത്തിയിരിപ്പ് സമരവും മാർച്ചും നടത്തി. അസമിൽ ഇൻറർനെറ്റ്, ബ്രോഡ്ബാൻഡ് നിരോധനം കഴിഞ്ഞ വ്യാഴാഴ്ച പിൻവലിച്ചിരുന്നു. ഈ മാസം 13 മുതൽ 17 വരെ തീയതികളിൽ അക്രമങ്ങളും വൻ പ്രക്ഷോഭവും അരങ്ങേറിയ ബംഗാളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ബി.ജെ.പി ഘടകം നിയമത്തെ അനുകൂലിച്ച് മാർച്ച് നടത്താനും തീരുമാനിച്ചു. സമരത്തിൽ പങ്കെടുത്ത 600ഓളം പേരാണ് ബംഗാളിൽ അറസ്റ്റിലുള്ളത്.
അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി അന്വേഷിക്കാൻ ഛത്തിസ്ഗഢ് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് വി.കെ. ഗുപ്തയെ ഏകാംഗ ജുഡീഷ്യൽ കമീഷനായി യൂനിവേഴ്സിറ്റി നിയോഗിച്ചു. ഈ മാസം 15, 16 തീയതികളിലുണ്ടായ അക്രമങ്ങളാണ് അന്വേഷിക്കുക.
പ്രതിഷേധക്കാരെ വെടിവെക്കണമെന്ന വിഡിയോ വിവാദമായി
ന്യൂഡൽഹി: ബി.ജെ.പി നേതാവ് കപിൽ മിശ്ര ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ വിവാദമായി. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ന്യൂഡൽഹിയിൽ നടന്ന പ്രകടനത്തിെൻറ ദൃശ്യങ്ങളാണ് മിശ്ര തെൻറ ട്വീറ്റിൽ പങ്കുവെച്ചത്. ദൃശ്യങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവർക്കുനേരെ പൊലീസ് വെടിവെക്കണം എന്ന മുദ്രാവാക്യം ഉയർന്നുകേൾക്കുന്നതാണ് വിവാദമായത്.
ഡിസംബർ 20നാണ് കപിൽ മിശ്ര ഡൽഹിയിൽ യുവാക്കളെ പങ്കെടുപ്പിച്ച് നിയമത്തെ പിന്തുണച്ച് പ്രകടനം നടത്തിയത്. ‘ഞങ്ങളും റോഡിലിറങ്ങും; പക്ഷേ, സമാധാനപരമായി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മിശ്ര യുവാക്കളും നിയമത്തെ പിന്തുണക്കുന്നവരും അണിനിരന്ന റാലിയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്്. പ്രകോപന മുദ്രാവാക്യങ്ങളുള്ള ദൃശ്യങ്ങൾ ട്വിറ്ററിൽനിന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതിഷേധവുമായി ചിലർ രംഗത്ത് വന്നു. സിനിമ സംവിധായകൻ അനുരാഗ് കശ്യപ് അടക്കം നിരവധി പേർ സംഭവത്തെ വിമർശിച്ചു.
തമിഴ് അഭയാർഥികൾക്ക് ഇരട്ട പൗരത്വത്തിന് അണ്ണാ ഡി.എം.കെ സമ്മർദം
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴകത്തിൽ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ, ശ്രീലങ്കൻ അഭയാർഥികൾക്ക് ‘ഇരട്ട പൗരത്വം’ ലഭ്യമാക്കുന്നതിന് അണ്ണാ ഡി.എം.കെ നേതൃത്വം കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുന്നു. ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് നിവേദനം നൽകി. ശ്രീലങ്കൻ തമിഴരുടെ പൗരത്വ ആവശ്യമുന്നയിച്ച് ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിപക്ഷകക്ഷികൾ പ്രക്ഷോഭ പരിപാടികളുമായി മുേന്നാട്ടുപോകുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായി പിടിച്ചുനിൽക്കാൻ അനുകൂല തീരുമാനം ഉടനുണ്ടാവണമെന്നാണ് ആവശ്യം. ജയലളിതയുടെ കാലംമുതൽ ഇതേ ആവശ്യമുന്നയിച്ചു വരുന്നതായും മുഖ്യമന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് അമിത് ഷാ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയതായാണ് സൂചന.
പാർലമെൻറിെൻറ ഇരുസഭകളിലും ബില്ലിനെ പിന്തുണച്ചതിനാൽ തമിഴക രാഷ്ട്രീയത്തിൽ അണ്ണാ ഡി.എം.കെ പ്രതിരോധത്തിലാണ്. ഡിസംബർ അവസാനവാരത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. തിങ്കളാഴ്ച ഡി.എം.കെയുടെ നേതൃത്വത്തിൽ ചെന്നൈയിൽ മെഗാ റാലി സംഘടിപ്പിക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സർവകലാശാല അധ്യാപകർ
ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ വിവിധ സർവകലാശാലകളിലെ 1100 ഓളം അധ്യാപകർ. വ്യാജ വാർത്തകൾ, വർഗീയത, അരാജകത്വം എന്നിവക്ക് വശംവദരാകരുതെന്ന് ഇവർ പ്രസ്താവനയിൽ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് ബോധപൂർവം ചിലർ അനാവശ്യമായ ഭീതിയുടെയും അസ്വസ്ഥതയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വിവിധയിടങ്ങളിൽ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. മറ്റുരാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങളുടെ കൂടെനിൽക്കുന്നതിനും ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനും മതപരമായ പീഡനങ്ങൾ സഹിക്കുന്നവർക്ക് അഭയം നൽകുന്നതിനും പാർലമെൻറിനെ അഭിനന്ദിക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ അഭയാർഥികൾക്ക് പൗരത്വം നൽകണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിന് കോൺഗ്രസ്, സി.പി.എം പോലുള്ള പാർട്ടികളും നേരത്തെതന്നെ പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും പ്രസ്താവനയിൽ പറയുന്നു.
രാജ്യസഭ അംഗം സ്വപൻദാസ് ഗുപ്ത, ശിശിർ ബജോരിയ, ഷിേല്ലാങ് ഐ.ഐ.എം ചെയർമാൻ സുനയ സിങ്, നളന്ദ സർവകലാശാല വൈസ് ചാൻസലർ, ജെ.എൻ.യു അധ്യാപകർ എന്നിവരും പ്രസ്താവനയിൽ ഒപ്പുവെച്ചവരിൽപ്പെടും.
കൊല്ലപ്പെട്ടവർക്ക് വഖഫ് ബോർഡിെൻറ അഞ്ചര ലക്ഷം
ന്യൂഡൽഹി: പൗരത്വ ദേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട വ്യക്തികളുടെ കുടുംബങ്ങൾക്ക് ഡൽഹി വഖഫ് ബോർഡ് അഞ്ചര ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകും.
ബോർഡ് ചെയർമാനും ആം ആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ല ഖാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പൊലീസിെൻറ വെടിയേറ്റാണ് ഉത്തർപ്രദേശിലും കർണാടകയിലുമായി നിരവധിപേർ കൊല്ലപ്പെട്ടതെന്നും അവരുടെ ത്യാഗം നിഷ്ഫലമാകില്ലെന്നും പറഞ്ഞു.
നേരേത്ത, ജാമിഅ മില്ലിയ ഇസ്ലാമിയ്യയിലെ പൊലീസ് അതിക്രമത്തിൽ ഇടതുകണ്ണിലെ കാഴ്ച നഷ്ടപ്പെട്ട മുഹമ്മദ് മിൻഹാജുദ്ദീന് അഞ്ചുലക്ഷം രൂപയുടെ സഹായവും വഖഫ് ബോർഡിൽ ജോലിയും ഖാൻ വാഗ്ദാനം ചെയ്തിരുന്നു.
മോദിയും ഷായും തെറ്റിദ്ധരിപ്പിക്കുന്നു-ആസു
ഗുവാഹതി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ എന്നിവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (ആസു). തദ്ദേശീയരായ ജനങ്ങളെ സംരക്ഷിക്കുകയാണെന്ന് പറയുകയും അതേസമയം തന്നെ പൗരത്വ ഭേദഗതി നിയമത്തിലൂടെ ബംഗ്ലാദേശികളെ അസമിലേക്ക് കൊണ്ടുവരുകയും ചെയ്യുകയാണെന്ന് വനിത റാലിയെ അഭിസംബോധന ചെയ്ത് ആസു മുഖ്യ ഉപദേഷ്ടാവ് സമുജ്ജയ് ഭട്ടാചാര്യ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.