വരണമാല്യം എറിഞ്ഞ് യുവാവ് കാമുകിയെ സ്വന്തമാക്കി
text_fieldsബിജ്നോർ: വിവാഹ ദിവസം കല്യാണ മണ്ഡപത്തിൽ വരനോടൊപ്പം ഇരുന്ന കാമുകിയെ കഴുത്തിൽ വരണമാല്യം എറിഞ്ഞിട്ട് കാമുകൻ സ്വന്തമാക്കി. ബൈക്കിൽ അതിസാഹസികമായി എത്തിയായിരുന്നു 24കാരൻ രാഹുലിന്‍റെ വീരകൃത്യം. ബോളിവുഡ് സിനിമയിലേതിന് സമാനമായ ഉദ്യോഗജനകമായ രംഗങ്ങൾ നടന്നത് ഉത്തർപ്രദേശിലെ നഗീമ ജില്ലയിലെ ബിജ്നോറിലാണ്.
ഒരേ ക്ലാസിൽ പഠിച്ച രാഹുലും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ഉയർന്ന ജാതിക്കാരനായ യുവാവും ദലിത് പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങൾ എതിർത്തു. തുടർന്ന് മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ ബുധനാഴ്ച നടത്താൻ കുടുംബം നിശ്ചയിച്ചു.
വിവാഹ ദിവസം വരനും വധുവും തമ്മിലുള്ള ചടങ്ങുകൾ കല്യാണ മണ്ഡപത്തിൽ പുരോഗമിക്കവെയാണ് വരണമാല്യവുമായി കാമുകൻ ബൈക്കിലെത്തിയത്. തുടർന്ന് രാഹുൽ എറിഞ്ഞ വരണമാല്യം മണ്ഡപത്തിൽ ഇരിക്കുന്ന പെൺകുട്ടിയെ കഴുത്തിൽ തന്നെ വീണു. ഉടൻ തന്നെ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് കാമുകന്‍റെ സമീപത്തെത്തിയ പെൺകുട്ടി വരണമാല്യം ഊരി കാമുകന്‍റെ കഴുത്തിൽ തിരിച്ചിട്ടു.
അപ്രതീക്ഷിതമായി നടന്ന സംഭവത്തിൽ ഞെട്ടിതരിച്ചു പോയ പെൺകുട്ടിയുടെ ബന്ധുക്കൾ ഉണർന്നു പ്രവർത്തിക്കുക തന്നെ ചെയ്തു. ബന്ധുക്കളുടെ ആക്രമണത്തിൽ ഇഞ്ചപരുവമായ കാമുകനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. കൂട്ടത്തല്ലിൽ കലാശിച്ചതിനാൽ പെൺകുട്ടിയുടെ കുടുംബം മുൻകൂട്ടി നിശ്ചയിച്ച വിവാഹം വേണ്ടെന്നു വെച്ചു. അതേസമയം, വിവാഹത്തിനെത്തിയ അഥിതികൾ നീരസത്തോടെയാണ് കല്യാണ മണ്ഡപം വിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.