ബിൽകീസ് ബാനു ബലാൽസംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ഗുജറാത്ത് ഹൈകോടതി
text_fieldsഅഹ്മദാബാദ്: ബിൽകീസ് ബാനു ബലാൽസംഗ കേസിലെ പ്രതിക്ക് ഗുജറാത്ത് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിലെ 11 പ്രതികളിൽ ഒരാളായ രാധേശ്യാം ഷാക്കാണ് ജസ്റ്റിസ് സഞ്ജീവ് ജെ. താക്കർ ഏഴുദിവസം പരോൾ അനുവദിച്ചത്.
അപേക്ഷയിൽ ചൂണ്ടിക്കാണിച്ച കാരണങ്ങളും ജയിൽ റിപ്പോർട്ടും പരിശോധിച്ചാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കി. കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു അപേക്ഷ.
പ്രതി 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് നൽകണമെന്നും പരോൾ കാലാവധി അവസാനിച്ച ഉടൻ ജയിൽ അധികാരികൾക്ക് മുമ്പാകെ കീഴടങ്ങണമെന്നും കോടതി നിർദേശം നൽകി. മോചിതനായ ശേഷം മൂന്നാം ദിവസവും അഞ്ചാം ദിവസവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
കോടതിയിൽ നടന്ന വാദത്തിനിടയിൽ, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനുമാണ് താൻ പരോൾ തേടുന്നതെന്ന് ഷായുടെ അഭിഭാഷകൻ കെ.ഡി. പർമാർ അറിയിച്ചു. 2025 ഡിസംബറിലാണ് അദ്ദേഹത്തിന് അവസാനമായി പരോൾ അനുവദിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽകീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷിക്കപ്പെട്ട പ്രതികളിലൊരാളാണ് രാധേശ്യാം ഷാ. 2022 ആഗസ്റ്റിൽ ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ 10 പ്രതികളിൽ ഇയാളും ഉൾപ്പെടുന്നു. തുടർന്ന്, ഗുജറാത്ത് സർക്കാർ നൽകിയ ആ ശിക്ഷാ ഇളവ് സുപ്രീംകോടതി റദ്ദാക്കുകയും 2024 ജനുവരിയിൽ പ്രതികൾ തിരികെ ജയിലിൽ പ്രവേശിക്കാൻ ഉത്തരവിടുകയുമായിരുന്നു.
ശിക്ഷാ ഇളവ് സംബന്ധിച്ച നിയമനടപടികളിൽ പ്രതി സുപ്രീംകോടതിയെ സമീപിച്ച് വ്യക്തത വരുത്തി. തുടർന്നാണ് ഹൈകോടതിയിൽ പരോൾ അപേക്ഷ നൽകിയത്.
2002ൽ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽകീസ് ബാനുവിന് 21 വയസായിരുന്നു പ്രായം. അന്നവർ ഗർഭിണിയുമായിരുന്നു. ബിൽകീസ് ബാനുവിന്റെ മൂന്നുവയസുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേർ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

