അമ്പരന്ന് ബിൽകീസ് ബാനുവും കുടുംബവും
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെ തങ്ങളുടെ ഉറ്റവരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തിൽ അമ്പരന്ന് നിൽക്കുകയാണ് ബിൽകീസ് ബാനുവിന്റെ കുടുംബം. ഏറെ നീണ്ട നിയമപോരാട്ടത്തിനെടുവിലാണ് പ്രതികളെ ശിക്ഷിച്ചത്. സർക്കാർ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇത് തങ്ങളെ അത്ഭുതപ്പെടുത്തിയയെന്നും ബിൽക്കീസ് ബാനുവിന്റെ ഭർത്താവ് യാക്കൂബ് റസൂൽ പറഞ്ഞു.
''എന്തു പറയണമെന്ന് അറിയില്ല. വിശദാംശങ്ങൾ അറിഞ്ഞശേഷം കൂടുതൽ പ്രതികരിക്കാം. ബിൽകീസ് ബാനുവിന്റെ കൂട്ട ബലാത്സംഗവും എഴു കുടുംബാംഗങ്ങളുടെ കൊലപാതകവും നടന്ന് 20 വർഷം കഴിഞ്ഞു. ഇതിനു ശേഷം തനിക്കും ഭാര്യക്കും അഞ്ചു മക്കൾക്കും സ്ഥിരം മേൽവിലാസമില്ല. മൂത്ത മകന് 20 വയസ്സായി.
ശിക്ഷയിൽ ഇളവ് നൽകണമെന്ന് ശിക്ഷിക്കപ്പെട്ടവർ എപ്പോഴാണ് അപേക്ഷ സമർപ്പിച്ചതെന്ന് അറിയില്ല. ഞങ്ങൾക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല. ആരും ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ഏത് വിധിയാണ് സർക്കാർ പരിഗണിച്ചതെന്നും ഞങ്ങൾക്കറിയില്ല. കലാപത്തിനിടെ കൊല്ലപ്പെട്ട പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർഥിക്കാൻ മാത്രമേ ഇപ്പോൾ ഞങ്ങൾക്ക് സാധിക്കുകയുള്ളൂ. കൊല്ലപ്പെട്ട ഞങ്ങളുടെ മകൾ ഉൾപ്പെടെയുള്ളവരെ ഓർമിക്കാത്ത ദിവസങ്ങളില്ല'' - റസൂൽ പറഞ്ഞു.
സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ഗുജറാത്ത് സർക്കാർ ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ, ഉത്തരവിൽ നിർദേശിച്ചപ്രകാരം വീടോ ജോലിയോ നൽകിയില്ലെന്ന് റസൂൽ പറഞ്ഞു. നഷ്ടപരിഹാരം മക്കളുടെ വിദ്യാഭ്യാസത്തിനായാണ് ചെലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.