പാർലമെന്റ് വർഷ കാല സമ്മേളനം; ഇരുകൂട്ടരും വിട്ടുവീഴ്ചക്കില്ല; ചർച്ചയില്ലാതെ പാസാക്കി ബില്ലുകൾ
text_fieldsന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്ര പരിശോധനയിൽ ചർച്ച വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ചർച്ചയില്ലാതെ മിനിറ്റുകൾ കൊണ്ട് ബില്ലുകൾ പാസാക്കുന്ന നടപടിക്ക് സർക്കാർ തുടക്കമിട്ടു. തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന എസ്.ഐ.ആറിനെ കുറിച്ച് ഒരു തരത്തിലുള്ള ചർച്ചയും അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ചയും ആവർത്തിച്ചു. രാജ്യസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുന്നത് തടയാൻ സി.ഐ.എസ്.എഫ് ഭടന്മാരെ ഇറക്കിയത് വലിയ വിവാദമാകുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ എൻ.ഡി.എ പാർലമെന്റ് പാർട്ടിയും മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇൻഡ്യ സഭാ നേതാക്കളും യോഗം ചേർന്ന് നിലപാടുകളിലുറച്ചുനിന്നതോടെ, പാർലമെന്റ് കവാടത്തിലും ഇരുസഭകൾക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.
രാവിലെ 11 മണിക്ക് ചേർന്ന ഇരുസഭകളും കനത്ത പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തിനിടയിലും സഭാ നടപടികളുമായി മുന്നോട്ടുപോകാൻ ഇരുസഭകളിലും അധ്യക്ഷന്മാർ ശ്രമിച്ചെങ്കിലും അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിർത്തിവെക്കേണ്ടിവന്നു. തുടർന്ന്, രണ്ടു മണിക്ക് വീണ്ടും വിളിച്ചുചേർത്ത് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ഇരുസഭകളും ബിൽ പാസാക്കാനായി എടുത്തു.
ഗോവയിൽ പട്ടിക വർഗക്കാർക്ക് സംവരണം നൽകുന്നതിനുള്ള ബിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്വാൾ അവതരിപ്പിച്ച് പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടയിൽ ശബ്ദവോട്ടിനിട്ട് പാസാക്കിയത് വർഷകാല സമ്മേളനത്തിൽ ആദ്യമായി പാസാക്കിയ ബില്ലായി മാറി. കേരളത്തിൽ നിന്നുള്ള എൻ.കെ. പ്രേമചന്ദ്രന്റേതടക്കമുള്ള ഭേദഗതികൾ ശബ്ദവോട്ടിനിട്ട് തള്ളിയായിരുന്നു ബിൽ പാസാക്കിയത്. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ചതും പ്രതിഷേധത്തിനിടയിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.