'മുഖ്യമന്ത്രി സ്ഥാനാർഥി അകാലിദളിൽ നിന്നായിരിക്കും'; പഞ്ചാബിൽ ഹിന്ദു, സിഖ് സഹോദര്യം കെട്ടിപ്പടുക്കുമെന്ന് അമിത്ഷാ
text_fieldsന്യൂഡൽഹി: ബി.ജെ.പി-ശിരോമണി അകാലിദൾ സഖ്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി അകാലിദളിൽ നിന്നായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സഖ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "എന്റെ മൂത്ത സഹോദരന്റെ സ്ഥാനത്തുള്ളയാൾ അകാലിദളിൽനിന്ന് മുഖ്യമന്ത്രിയാകും" എന്നായിരുന്നു ഷായുടെ പരാമർശം.
അതേസമയം, സഖ്യം ഹിന്ദു-സിഖ് സാഹോദര്യത്തിന്റെ പ്രതീകമാണെന്നാണ് അമിത് ഷായുടെ വാദം. എൻ.ഡി.എയിലേക്ക് പഴയ സഖ്യം തിരികെയെത്തുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സഖ്യമെന്നതിലുപരി വൈകാരികമായ ബന്ധമാണ് ബി.ജെ.പിയുമായുള്ളതെന്ന് സുഖ്ബീർ സിങ് ബാദൽ പ്രതികരിച്ചു. പഞ്ചാബിനെ വികസിത സംസ്ഥാനമാക്കി മാറ്റാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ലഹരി നിർമാർജനം, കർഷകർക്കുള്ള പിന്തുണ, ഹിന്ദു-സിഖ് ഐക്യം ശക്തിപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കുമെന്നും സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ആറ് വർഷത്തെ ഇടവേളക്ക് ശേഷം സഖ്യം പ്രഖ്യാപിച്ച ശിരോമണി അകാലിദളിനെയും ബി.ജെ.പിയെയും പരിഹസിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. അധികാരത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ പരസ്പരം കൈകോർത്ത് വേർപിരിഞ്ഞ ശേഷം വീണ്ടും ഒന്നിക്കുകയാണെന്നും കെജ്രിവാൾ പരോക്ഷമായി വിമർശിച്ചു. 2020ൽ കേന്ദ്രസർക്കാറിന്റെ കാർഷികനയങ്ങളോടുള്ള വിയോജിപ്പിനെത്തുടർന്നാണ് അകാലിദൾ എൻ.ഡി.എ സഖ്യം വിട്ടത്. എന്നാലിപ്പോൾ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ഒരുമിച്ച് മത്സരിക്കാനാണ് ഇരു കക്ഷികളും സഖ്യം പ്രഖ്യാപിച്ചത്.അതേസമയം, ജനങ്ങളോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതിബദ്ധതയും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അധികാരത്തിന് വേണ്ടിയല്ല, പഞ്ചാബിലെ ജനങ്ങൾക്കൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ, കർഷകർ, ദലിതർ തുടങ്ങിയവരാണ് സഖ്യകക്ഷികളെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. പഞ്ചാബിന്റെ വികസനത്തിനായി എ.എ.പി ഉറച്ച് നിൽക്കുമെന്നും കെജ്രിവാൾ വാഗ്ദാനം നൽകിയിട്ടുണ്ട്.

