‘വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നു’, വയനാട്ടിൽ ക്രമക്കേടെന്ന് ബി.ജെ.പി; ആരോപണം തള്ളി ടി. സിദ്ദിഖ്
text_fieldsഅനുരാഗ് ഠാക്കൂർ, ടി. സിദ്ദിഖ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിയ കള്ളവോട്ട് ആരോപണത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തെ ഉന്നമിട്ട് ബി.ജെ.പിയുടെ നീക്കം. വയാനാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന് ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ വ്യാപക ക്രമക്കേടുണ്ടായി. 52 വോട്ടർമാർക്ക് ഒരേ വിലാസമാണ്. തിരുവമ്പാടി, കൽപറ്റ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നെന്ന് അനുരാഗ് ഠാക്കൂർ ആരോപിച്ചു.
എന്നാൽ ബി.ജെ.പിയുടെ ആരോപണം വയനാട്ടിൽ വിലപ്പോകില്ലെന്ന് കൽപറ്റ എം.എൽ.എ ടി. സിദ്ദിഖ് പ്രതികരിച്ചു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ജയിച്ചതെന്നും ബി.ജെ.പിയുടെ ഒരു തന്ത്രവും അവിടെ വിലപ്പോയില്ലെന്നും സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽനിന്ന് ജയിച്ചത്. രാഹുൽ നേടിയതിനേക്കാൾ ഭൂരിപക്ഷമുയർത്താനും പ്രിയങ്കക്കായിട്ടുണ്ട്. കോൺഗ്രസിന്‍റെ ഉറച്ച സീറ്റായ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നിരിക്കെയാണ് ബി.ജെ.പി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
അതേസമയം, വോട്ട് ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് പ്രചാരണ വിഡിയോ പുറത്തിറക്കി. വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടാനും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ അറിയിക്കാനും വോട്ട് ചോരി എന്ന വെബ്‌സൈറ്റ് തയാറാക്കിയതിന് പിന്നാലെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സിൽ പ്രചാരണ വിഡിയോ പോസ്റ്റുചെയ്തു. വോട്ടർമാർ തങ്ങളുടെ വോട്ട് ചെയ്യാനെത്തുമ്പോള്‍ മറ്റുചിലർ വോട്ട് ചെയ്ത് മടങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തുവന്നു. മണ്ഡലത്തിൽ 60,000ത്തിലേറെ കള്ളവോട്ട് ചേർത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എൽ.എ പോലുമില്ലാത്ത പാർട്ടി 60,000 വോട്ട് അനധികൃതമായി ചേർക്കുമ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. ആക്ഷേപമുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.