കേന്ദ്രത്തിൽനിന്ന് ഉടൻ ബി.ജെ.പി പുറത്താകും, ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ബംഗാൾ സർക്കാർ ലക്ഷ്യമിടുന്നു -മമത ബാനർജി
text_fieldsകൊൽക്കത്ത: ബി.ജെ.പിയെ ഡൽഹിയിലെ അധികാരത്തിൽനിന്ന് ഉടൻതന്നെ പുറത്താക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. അനധികൃത നിർമാണം ആരോപിച്ച് അടുത്തിടെ പൊളിച്ചുനീക്കൽ നോട്ടീസ് ലഭിച്ച ലോക്സഭാ എം.പിയും അനന്തരവനുമായ അഭിഷേക് ബാനർജി ഒരു തരത്തിലുള്ള ഭീഷണിക്ക് വഴങ്ങില്ലെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുമായി സ്വന്തം വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
പശ്ചിമബംഗാളിൽ അധികാരത്തിലേറിയ പുതിയ ബി.ജെ.പി സർക്കാർ ന്യൂനപക്ഷ സമുദായങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്ന് മമത ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളും അനധികൃത നിർമാണങ്ങൾക്കും എതിരായ നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ ആരോപണം. ‘ന്യൂനപക്ഷ സമുദായങ്ങളെയാണ് ലക്ഷ്യമിടുന്നത്. വഴിയോര കച്ചവടക്കാരുടെ കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു’ -അവർ പറഞ്ഞു.
പുതിയ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണ്. രാജ്യം ഭരിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് (എൻ.ഡി.എ) നേതൃത്വം നൽകുന്ന ബി.ജെ.പിക്ക് സമീപഭാവിയിൽ കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെടുമെന്നും മമത കൂട്ടിച്ചേർത്തു.
ബംഗാളിലെ ബുൾഡോസർ രാജിനെതിരെ ബി.ജെ.പി സർക്കാറിനെതിരെ പ്രതിഷേധ പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ യോഗം. മമത അധ്യക്ഷയായ യോഗത്തിൽ ടി.എം.സിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു. ദക്ഷിണ കൊൽക്കത്തയിലുള്ള തന്റെ വീടിന്റെ അനധികൃത ഭാഗങ്ങൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട് കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ അയച്ച നോട്ടീസിനെതിരെ അദ്ദേഹം രംഗത്തെത്തി. ‘അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ... എന്റെ വീട് പൊളിച്ചുമാറ്റൂ, നോട്ടീസ് അയക്കൂ. ഈ കാര്യങ്ങളിൽ ഞാൻ തലകുനിക്കില്ല. എന്തുതന്നെ വന്നാലും ബി.ജെ.പിക്കെതിരെ പോരാട്ടം തുടരും’ അഭിഷേക് ബാനർജി പറഞ്ഞു.
2014ൽ വിവാദമായ നാരദ സ്റ്റിങ് ഓപ്പറേഷനെക്കുറിച്ചും അഭിഷേക് ബാനർജി പരാമർശിച്ചു. നമ്മുടെ സംസ്ഥാനത്ത് നിരവധി മുഖ്യമന്ത്രിമാരുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുള്ള മുഖ്യമന്ത്രിയെപ്പോലെ ആരുമില്ല. കാമറയിൽ പണം വാങ്ങുന്നത് കണ്ടയാളെ മുഖ്യമന്ത്രിയാക്കി -മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പരിഹസിച്ച് അഭിഷേക് ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

