കുരുക്കഴിഞ്ഞ ആശ്വാസത്തിൽ ബി.ജെ.പി; പ്രതിസന്ധിയിലും പ്രകടമായത് പാർട്ടിയിലെ ഭിന്നത
text_fieldsതിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളെ ഛത്തിസ്ഗഢ് സർക്കാർ ജയിലിലടച്ചതോടെ ‘പ്രതിക്കൂട്ടിലായ’ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്, ഇരുവർക്കും ജാമ്യം ലഭിച്ചതോടെ കുരുക്കഴിഞ്ഞതിന്റെ ആശ്വാസം. കേസ് റദ്ദാക്കണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യമാണ് ഇനി പാർട്ടിക്ക് മുന്നിലുള്ള കടമ്പ. ഛത്തിസ്ഗഢ് സർക്കാർ, കേന്ദ്ര സർക്കാർ, പാർട്ടി ദേശീയ നേതൃത്വം എന്നിവയിൽ സമ്മർദം ചെലുത്തിയിട്ടും കന്യാസ്ത്രീകളുടെ മോചനം നീണ്ടത് പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.
എൽ.ഡി.എഫും യു.ഡി.എഫും ക്രൈസ്തവ സമൂഹവും രംഗത്തുവന്നതോടെ സഭകളിലേക്ക് തെരഞ്ഞെടുപ്പ് ‘പാലമിട്ട’ പാർട്ടി മുഖംനഷ്ടമായ അവസ്ഥയിലായിരുന്നു. പാർട്ടി പ്രതിസന്ധിയിലായ ഘട്ടത്തിൽ നേതാക്കളിലെ ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തു. കന്യാസ്ത്രീകൾക്കായി തെക്ക് -വടക്ക് ഓടി വിയർക്കാൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി അനൂപ് ആൻറണിയും മാത്രമാണുണ്ടായിരുന്നത്.
വൈസ് പ്രസിഡന്റ് ഷോൺ ജോർജും പിന്നീട് ഒപ്പംകൂടി. അനൂപിനെ ഛത്തിസ്ഗഢിലേക്കയച്ച രാജീവ് ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് തിരിച്ചെത്തി തൃശൂർ അതിരൂപത ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ കണ്ട് അനുനയനത്തിന് ശ്രമിച്ചു. എന്നാൽ, അമിത്ഷായുടെ വാക്ക് വിശ്വസിച്ചത് വെറുതെയായെന്ന് തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി തുറന്നടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.