സമ്പന്നരായ സുഹൃത്തുക്കൾക്കായി ബി.ജെ.പി ചേരികൾ നശിപ്പിക്കുന്നു- കെജ് രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ വ്യാപകമായി ചേരികൾ ഇടിച്ചുനിരത്തുന്നതിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. മുൻ മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ വീടുകൾ നഷ്ടമായവരെ പങ്കെടുപ്പിച്ച് ജന്തർമന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം കെജ്രിവാൾ പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടികൂടിയായി പ്രതിഷേധം മാറി. സമ്പന്നരായ സുഹൃത്തുക്കൾക്കായി ചേരികൾ ബി.ജെ.പി നശിപ്പിക്കുകയാണെന്ന് പറഞ്ഞ കെജ്രിവാൾ പൊളിച്ചുമാറ്റൽ തുടർന്നാൽ സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
എവിടെ ചേരികളുണ്ടോ അത് മൈതാനമാക്കി മാറ്റുകയാണ്. അവർ സർക്കാർ രൂപവത്കരിച്ചിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂ, ഡൽഹിയിലെ സ്ഥിതി ഇതിനകം തന്നെ വഷളായി. പൊളിക്കൽ നിർത്തിയില്ലെങ്കിൽ ആം ആദ്മി പാർട്ടി പ്രക്ഷോഭത്തിലേക്ക് കടക്കും. തെരഞ്ഞെടുപ്പിന് മുമ്പ്, ഞാൻ നിങ്ങളോട് അവർക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം നിങ്ങളുടെ ചേരികളാണ് അവരുടെ ലക്ഷ്യം. അവർ ഡൽഹിയെ നശിപ്പിക്കുകയാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ അവർ ദരിദ്രരെ ഭവനരഹിതരാക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങൾ ഒരിക്കലും വിശ്വസിക്കരുത്. വ്യാജ ഉൽപന്നം പോലെ, അദ്ദേഹത്തിന്റെ ഉറപ്പുകളും വ്യാജമാണ്. ചേരികളുള്ള സ്ഥലത്ത് വീടുകൾ നിർമിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, അവർ നിങ്ങളുടെ ഭൂമി വെട്ടിത്തെളിച്ച് മൈതാനമാക്കി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും കെജ്രിവാൾ ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ ഡൽഹിയിലെ സൗജന്യ വൈദ്യുതിയും അവർ നിർത്തും. ഡൽഹിയിലെ ചേരികളിൽ 40 ലക്ഷത്തോളം പേർ കഴിയുന്നുണ്ട്. അവർ ഒരുമിച്ച് പ്രതിഷേധത്തിനിറങ്ങണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ഡൽഹിയിലെ ആയിരങ്ങൾ താമസിക്കുന്ന നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷന് അടുത്തുള്ള മദ്രാസി കോളനി, കൽക്കാജിയിലെ ഭൂമിഹാൻ കോളനികളടക്കം നിരവധി ചേരികളാണ് സർക്കാർ അടുത്തിടെ പൊളിച്ചുനീക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.