രാജസ്ഥാനിലെ വിവാദ ബില്ലിനെ എതിർത്ത് ബി.ജെ.പി എം.എൽ.എമാർ
text_fieldsജയ്പൂർ: മന്ത്രിമാർ, എം.എൽ.എമാർ, ജഡ്ജിമാർ തുടങ്ങിയവർക്കെതിരെ സർക്കാർ അനുമതിയില്ലാതെ കോടതികളിൽ നിയമ നടപടി സീകരിക്കരുതെന്ന ബില്ലിനെതിരെ ബി.ജെ.പി എം.എൽ.എമാർ രംഗത്ത്. എം.എൽ.എമാരായ നർപത് സിങ് രജ് വി, ഖാൻശ്യാം തിവാരി എന്നിവരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പുതിയ ബിൽ പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് തിവാരി പറഞ്ഞു. അടിയന്തരമായി ബിൽ കൊണ്ടു വരേണ്ട സാഹചര്യം ഇപ്പോഴില്ല. ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും തിവാരി മാധ്യമങ്ങളെ അറിയിച്ചു. വസുന്ധര രാജെ മുഖ്യമന്ത്രിയായ സർക്കാറിന്റെ തീരുമാനത്തെ പാർട്ടി എം.എൽ.എമാർ തന്നെ എതിർക്കുന്നത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ്.
രാജസ്ഥാനിൽ മന്ത്രിമാർ, എം.എൽ.എമാർ, ജഡ്ജിമാർ തുടങ്ങിയവർക്കെതിരെ സർക്കാർ അനുമതിയില്ലാതെ കോടതികളിൽ നിയമ നടപടി സീകരിക്കുന്നതും മാധ്യമങ്ങൾ വാർത്ത നൽകുന്നതും വിലക്ക് ഏർപ്പെടുത്തുന്ന ബില്ലാണ് ബി.ജെ.പി സർക്കാർ കൊണ്ടുവന്നത്. ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ഒാർഡിനൻസിൽ സെപ്റ്റംബർ ആറിന് ഗവർണർ കല്യാൺസിങ് ഒപ്പുവെച്ചു.
സർക്കാർ അനുമതിയില്ലാതെ അഴിമതികേസിൽ കുറ്റാരോപിതരായവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. ആരോപണത്തിൽപെട്ടവരുടെ പദവി, കുടുംബ പശ്ചാത്തലം, മറ്റുവിവരങ്ങൾ ഇവയൊന്നും പ്രസിദ്ധീകരിക്കരുത്. ലംഘിച്ചാൽ മാധ്യമ പ്രവർത്തകർക്കെതിരെ രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താമെന്നും ഒാർഡിനൻസിൽ പറയുന്നു.
കൂടാെത, സർക്കാർ അനുമതിയില്ലാതെ ജഡ്ജിമാർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ കോടതികൾക്ക് സ്വകാര്യ അന്യായങ്ങൾ സ്വീകരിക്കാൻ പാടില്ല. ഇവർക്ക് ആറുമാസത്തെ നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ ഒാർഡിനൻസെന്നാണ് വസുന്ധര രാജെ സർക്കാറിന്റെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.