ഗുണ്ടാ തലവൻ ബിക്ലു ശിവുവിനെ വെട്ടിക്കൊന്നു; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsബംഗളൂരു: കിഴക്കൻ ബംഗളൂരുവിൽ ഗുണ്ടാ തലവൻ ശിവകുമാർ എന്ന ബിക്ലു ശിവുവിനെ(40) അക്രമി സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയും ബൈരതി ബസവരാജ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതിനഗറിലെ മീനി അവന്യൂ റോഡിലുള്ള വീടിനടുത്ത് വടിവാളുകളുമായി എത്തിയ നാല് പേർ ഹലസുരു നിവാസിയായ ശിവുവിനെ മാരകമായി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ബൈക്കുകളിൽ രക്ഷപ്പെട്ടു. ശിവുവിന്റെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എം.എൽ.എയെ കൂടാതെ ജഗദീഷ്, കിരൺ, വിമൽ, അനിൽ എന്നിവരെ കേസിൽ പ്രതികളാക്കി പൊലീസ് കേസെടുത്തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ബി.ജെ.പി എം.എൽ.എയുടെ പ്രോത്സാഹനമാണ് അക്രമികൾക്ക് കാരണമെന്നും പരാതിക്കാരി ആരോപിച്ചു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. ശിവകുമാറിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 2006 മുതൽ തന്നെ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഭാരതിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ശിവയുടെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ബൈരതി ബസവരാജ് എംഎൽഎ പറഞ്ഞു. ‘എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പൊലീസ് എന്നിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ സ്വീകരിച്ചോ? എനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. പെട്ടെന്ന് പൊലീസ് എനിക്കെതിരെ കേസെടുത്തു. ആരെങ്കിലും പരാതി നൽകിയാൽ പരിശോധിക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്യുമോ?’ -ബുധനാഴ്ച വൈകീട്ട് ബംഗളൂരു വിധാൻ സൗധ പരിസരത്ത് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം ആരാഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.