പവൻ ഖേരയുടെ ഭാര്യക്കും രണ്ട് വോട്ടർ ഐഡിയെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഭാര്യക്കും രണ്ട് വോട്ടർ ഐഡികൾ ഉണ്ടെന്ന് ബി.ജെ.പി. തെലങ്കാനയിലെ ഖൈരത്താബാദ് മണ്ഡലത്തിൽനിന്ന് മത്സരിച്ച പവൻ ഖേരയുടെ ഭാര്യ കോട്ട നീലിമക്ക് രണ്ട് സജീവ വോട്ടർ ഐ.ഡികൾ ഉണ്ടെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് സമൂഹമാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ചത്. പവൻ ഖേരക്ക് ഇരട്ട വോട്ടർ ഐ.ഡികൾ ഉണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസം അമിത് മാളവ്യ രംഗത്തുവന്നിരുന്നു. പിന്നാലെ ഖേരക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസയക്കുകയും ചെയ്തു. ഡൽഹിയിലെ ജങ്പുര, ന്യൂഡൽഹി മണ്ഡലങ്ങളിൽ ഖേരക്ക് വോട്ടുണ്ടെന്നാണ് ബി.ജെ.പി ആരോപണം.
ന്യൂഡൽഹി, ജംഗ്പുര എന്നീ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ പവൻ ഖേരയുടെ പേര് ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന രേഖകളാണ് എക്സിലൂടെ പുറത്തുവിട്ടത്. 'വോട്ട് കൊള്ളയെന്ന് പുരപ്പുറത്ത് കയറി രാഹുൽ ഗാന്ധി വിളിച്ചു കൂവുന്നു. ഗാന്ധിമാരുമായി അടുത്ത ബന്ധം പുലർത്താനുള്ള ഒരവസരവും പാഴാക്കാത്ത ഖേരക്കാകട്ടെ രണ്ട് തിരിച്ചറിയൽ കാർഡ് ഉണ്ട്' - അമിത് മാളവ്യ എക്സിൽ കുറിച്ചു.
അതേസമയം, ആരോപണത്തോട് പ്രതികരിച്ച പവൻ ഖേര, വോട്ടര്‍ പട്ടികയുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടെന്ന് അമിത് മാളവ്യയുടെ പ്രതികരണത്തിലൂടെ സമ്മതിച്ചിരിക്കുകയാണെന്ന് എക്സിൽ കുറിച്ചു. ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിനിടെ തനിക്കെതിരെ മാളവ്യ നടത്തിയ നീക്കം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. അദ്ദേഹത്തിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമീഷനെ തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നതെന്നും ഖേര ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.