കൊഴിഞ്ഞുപോക്ക് അയോധ്യകൊണ്ട് നേരിടാൻ ബി.ജെ.പി
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ പ്രഥമ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്നു. പിന്നാക്ക മന്ത്രിമാരുടെയും എം.എൽ.എമാരുടെയും കൊഴിഞ്ഞുപോക്ക് തുടരുന്ന ഉത്തർപ്രദേശിൽ യോഗിക്ക് പകരം അയോധ്യ മുഖമാക്കി തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങുകയാണ് ബി.ജെ.പി.
അഖിലേഷിന്റെ മഴവിൽ മുന്നണിയും പിന്നാക്ക നേതാക്കളുടെ രാജിയും ഉണ്ടാക്കുന്ന വോട്ടുചോർച്ച ഹിന്ദുത്വ കാർഡുകൊണ്ട് തടയാനാണ് പാർട്ടി ശ്രമം. യോഗിയെ മഥുരക്ക് പകരം ക്ഷേത്ര നഗരിയിൽ മത്സരിപ്പിക്കാനുള്ള നീക്കവും പാർട്ടിയുടെ മുഖവും പ്രചാരണ വിഷയവും അയോധ്യയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
രണ്ടു ദിവസം നീണ്ട ഉന്നത നേതൃത്വത്തിന്റെ കൂടിയാലോചനക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടന്നത്. നേതാക്കളുടെ കൂട്ടരാജി യു.പിയിലെ ഘടകകക്ഷി നേതാക്കളുമായി നേരിട്ട് ചർച്ച നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പടിഞ്ഞാറൻ യു.പിയിലെ സ്ഥാനാർഥി നിർണയത്തിനാണ് വ്യാഴാഴ്ച അന്തിമ രൂപം നൽകിയത്. 172 സ്ഥാനാർഥികളുടെ പ്രാഥമിക സ്ഥാനാർഥിപ്പട്ടികക്ക് അന്തിമ രൂപമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.