ആപിന്റെ ‘മൊഹല്ല’ ബസുകൾ ‘ദേവി ബസ്’ ആക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി ഒരു വർഷമായി അനുമതി നൽകാതെ ഡിപ്പോകളിൽ തടഞ്ഞുവെച്ച ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാറിന്റെ ‘മൊഹല്ല’ ബസുകൾ ബി.ജെ.പി അധികാരത്തിൽ എത്തിയപ്പോൾ പ്രധാനമന്ത്രിയുടെയും പുതിയ മുഖ്യമന്ത്രിയുടെയും ചിത്രങ്ങളോടെ ‘ദേവി ബസ്’ ആക്കി നിരത്തിലിറക്കി.ആം ആദ്മി പാർട്ടി അധികാരത്തിലിരുന്നപ്പോൾ വാങ്ങി ഉദ്ഘാടനം ചെയ്ത 400 ഇലക്ട്രിക് ബസുകളാണ് ബി.ജെ.പി മുഖ്യമന്ത്രി രേഖ ഗുപ്ത അടുത്തിടെ ഉദ്ഘാടനം ചെയ്തത്. ഡൽഹി ഇലക്ട്രിക് വെഹിക്കിൾ ഇന്റർ കണക്ടർ എന്നാണ് ‘ദേവി’യുടെ പൂർണ രൂപം.
ഡൽഹി നഗരത്തിലെ എല്ലായിടത്തും പൊതുഗതാഗതം എന്ന ലക്ഷ്യമിട്ട് ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാൻ സാധിക്കുന്ന, 23 സീറ്റുള്ള ഇലക്ട്രിക് മിനി ബസുകളാണിത്. ‘50 ശതമാനം മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ബസുകൾക്ക് ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിലുള്ളപ്പോൾ അനുമതി നിഷേധിച്ചതെന്ന് പാർട്ടി ഡൽഹി പ്രസിഡന്റും മുൻ പൊതുമരാമത്ത് മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
മൊഹല്ല ബസിന്റെ പരീക്ഷണ ഓട്ടം അന്നത്തെ മുഖ്യമന്ത്രി അതിഷി ഉദ്ഘാടനം ചെയ്തതാണ്. സാങ്കേതിക തടസ്സം ഉന്നയിച്ച് തടഞ്ഞവർ ഇന്നത് മറ്റൊരു പേരിൽ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രം പതിച്ച് നിരത്തിലിറക്കിയപ്പോൾ മാനദണ്ഡത്തിൽ എന്ത് മാന്ത്രികതയാണ് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
പരമാവധി 12 കിലോമീറ്റര്‍ സര്‍വിസ് നടത്തുന്ന രീതിയിലാണ് ദേവി ബസുകളുടെ റൂട്ടുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ബസ് ചാര്‍ജ് ചെയ്യാന്‍ 45 മിനിറ്റാണ് സമയമെടുക്കുക. ഒറ്റ ചാര്‍ജില്‍ 225 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. മെട്രോ സ്റ്റേഷനുകളും ബസ് ടെര്‍മിനലുകളും തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുകയാണ് ദേവി ബസുകളുടെ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.