പാറ്റകളെ കുപ്പിയിലാക്കി അടിച്ചുകൊന്ന് ബി.ജെ.പി നേതാക്കളുടെ വിചിത്ര നീക്കം: ‘പാറ്റകളല്ല കോക്രോച്ച് പാർട്ടി ഉണ്ടാക്കിയതെന്ന് ഇവരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ!’
text_fieldsബംഗളൂരു: കോക്രോച്ച് ജനത പാർട്ടിയോടുള്ള എതിർപ്പിന്റെ പേരിൽ വിചിത്രമായ പ്രതിഷേധവുമായി കർണാടക മാണ്ഡ്യയിലെ ബി.ജെ.പി പ്രവർത്തകർ. വീട്ടിൽനിന്ന് പാറ്റകളെ ഒരു കുപ്പിയിലാക്കി ഓഫിസിലേക്ക് കൊണ്ടുവന്ന് കൊല്ലുകയായിരുന്നു. കുപ്പിതുറന്നപ്പോൾ പറന്നുപോയ പാറ്റകളെ ചൂലും ചെരിപ്പും ഉപയോഗിച്ചാണ് അടിച്ച് കൊന്നത്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. ‘കർണാടക ബിജെപി ഒട്ടും നിലവാരമില്ലാത്ത മണ്ടത്തരം കാണിച്ചിരിക്കുന്നു. ചില ബിജെപിക്കാർ വീട്ടിൽ നിന്ന് പാറ്റകളെ കുപ്പിയിൽ കൊണ്ടുവന്ന് ഓഫിൽ തുറന്നുവിട്ട് കൊല്ലുകയാണ്. പാറ്റകൾ ആരംഭിച്ചതല്ല കോക്രോച്ച് ജനതാ പാർട്ടിയെന്ന് ആരെങ്കിലും ഇവരോട് ഒന്ന് പറഞ്ഞുകൊടുക്കൂ’ -എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘മാണ്ഡ്യയിലെ ബി.ജെ.പിക്കാർ പാറ്റകളെ ചൂലും ചെരിപ്പും ഉപയോഗിച്ച് കൊല്ലുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികളാണെന്ന് ആരോപിച്ചാണ് ഈ നീക്കം’ -മറ്റൊരു എക്സ് ഉപയോക്താവ് ചൂണ്ടിക്കാട്ടി.
അതിനിടെ, സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ യുവാക്കൾക്കിടയിൽ അതിവേഗം പ്രചരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). നേരത്തെ, ഭൂരിഭാഗം ഫോളോവേഴ്സും പാകിസ്താനികളാണെന്ന ബി.ജെ.പി ആരോപണം കണക്കുകൾ നിരത്തി സ്ഥാപകൻ അഭിജീത്ത് ദിപ്കെ തള്ളിയിരുന്നു. പേജിന്റെ അനലിറ്റിക്സ് കാണിക്കുന്ന ഒരു സ്ക്രീൻ റെക്കോർഡിങ് അഭിജീത്ത് പുറത്തുവിടുകയും ചെയ്തു. പേജിന്റെ പ്രേക്ഷകരിൽ 94.7 ശതമാനവും ഇന്ത്യയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു ശതമാനം മാത്രമാണ് പിന്തുടരുന്നത്, യു.കെയിൽ നിന്ന് 0.7 ശതമാനം. കാനഡ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് 0.6 ശതമാനം പ്രേക്ഷകരുമുണ്ട്.ഇന്ത്യൻ ഫോളോവേഴ്സിന്റെ ഏറ്റവും ഉയർന്ന പങ്ക് ഡൽഹിയിൽ നിന്നാണ്, 9.3 ശതമാനം, ബെംഗളൂരുവിൽ നിന്ന് 6.2 ശതമാനം, മുംബൈയിൽ നിന്ന് 5.1 ശതമാനം, കൊൽക്കത്തയിൽ നിന്ന് 4.5 ശതമാനം, പൂണെയിൽ നിന്ന് 2.5 ശതമാനം എന്നിങ്ങനെയാണെന്ന് അനലിറ്റിക്സിൽ കാണാം. പാകിസ്താനോ ബംഗ്ലാദേശോ ഈ ലിസ്റ്റിൽ ഇല്ല.
സി.ജെ.പിയുടെ ഭൂരിഭാഗം ഫോളോവേഴ്സും പാകിസ്താനികളും ബംഗ്ലാദേശികളുമാണ് എന്നായിരുന്നു ബി.ജെ.പി ആരോപണം. 49 ശതമാനം പാകിസ്താനികളും 14 ശതമാനം ബംഗ്ലാദേശികളുമാണ് എന്നായിരുന്നു ആരോപണം. അഭിജീത്ത് അക്കൗണ്ടിന്റെ ഡാറ്റ പുറത്തുവിട്ടതോടെ ഈ ആരോപണം പൊളിഞ്ഞു. ഇൻസ്റ്റയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട സി.ജെ.പി അക്കൗണ്ട് തിരിച്ചുവന്നിട്ടുണ്ട്.
‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന ഓൺലൈൻ മീം-സറ്റയർ രാഷ്ട്രീയ കൂട്ടായ്മ വളരെ പെട്ടെന്നാണ് രാജ്യത്തെ സമൂഹമാധ്യമങ്ങളിലും യുവജനങ്ങൾക്കിടയിലും താൽപര്യപൂർവം ചർച്ചചെയ്യപ്പെടുന്ന ട്രെൻഡുകളിൽ ഒന്നായി മാറിയത്. ഇൻസ്റ്റഗ്രാമിൽ ഇവരെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വെറും നാലഞ്ച് ദിവസങ്ങൾക്കകംതന്നെ ഭരണകക്ഷിയായ ബി.ജെ.പിയേയും മറികടന്ന് രണ്ട് കോടി പിന്നിട്ടു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശങ്ങൾക്ക് ശേഷം സൈബർ സ്പേസിൽ തമാശയായി ആരംഭിച്ച ഈ പ്രവണത, കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ‘ജെൻസി’ സംസ്കാരത്തിലൂന്നിയ ഒരു ഡിജിറ്റൽ പ്രസ്ഥാനമായി വളർന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നവമാധ്യമങ്ങളിൽ യൂനിറ്റുകൾ വരെ രൂപപ്പെട്ടുകഴിഞ്ഞുവെന്നാണ് സി.ജെ.പി അവകാശപ്പെടുന്നത്.
സുപ്രീംകോടതി വിചാരണ വേളയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവജനങ്ങളെ ‘‘തൊഴിലെടുക്കാത്തവർ, അലസന്മാർ, ഇന്റർനെറ്റ് ലോകത്ത് ജീവിക്കുന്ന പാറ്റകൾ, സമൂഹത്തിലെ ഇത്തിക്കണ്ണികൾ’’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിലുണ്ടായ രോഷവും പ്രതിഷേധവും പരിഹാസ രൂപേണ പ്രകടിപ്പിക്കാനുള്ള വേദി ആയാണ് മേയ് 16ന് സി.ജെ.പി ജന്മമെടുത്തത്. എന്നാൽ, രാജ്യത്തെ യുവജനങ്ങൾക്കിടയിൽ നിലവിലെ വ്യവസ്ഥിതിയോടും അധികാരവർഗത്തോടുമുള്ള അമർഷത്തിന്റെ തീവ്രത ഈ പ്രസ്ഥാനത്തെ വേഗത്തിൽ പടരാൻ ഇടവരുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ, സി.ജെ.പി സ്വയം അടയാളപ്പെടുത്തുന്നത്, സാധാരണക്കാരായ നിരാശരായ പൗരരെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ പ്രസ്ഥാനമായിട്ടാണ്. നിലവിലെ രാഷ്ട്രീയ പാർട്ടികളെ ‘പാഴ്’ എന്നാണവർ വിശേഷിപ്പിക്കുന്നത്.
‘‘മറ്റൊരു പി.എം കെയർസ് ഫണ്ട് സ്ഥാപിക്കാനോ, നികുതിദായകരുടെ പണത്തിൽ ദാവോസിൽ പോയി അവധിക്കാലം ആഘോഷിക്കാനോ, അഴിമതിയെ ‘തന്ത്രപരമായ ചെലവ്’ എന്ന് പുനർനാമകരണം ചെയ്യാനോ ഞങ്ങൾക്ക് താൽപര്യമില്ല. നമ്മുടെ നികുതിപ്പണം എവിടേക്കാണ് പോകുന്നതെന്ന് ഉറക്കെ, ആവർത്തിച്ച് ചോദിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്’’ -അവർ പ്രഖ്യാപിക്കുന്നു. സ്ത്രീ സംവരണത്തിനുവേണ്ടിയും അദാനി-അംബാനിമാരുടെ ‘ഗോദി മീഡിയ’ക്കെതിരെയും ശബ്ദമുയർത്തുന്ന അവർ, പൗരരുടെ വോട്ടവകാശം റദ്ദാക്കിയാൽ ഇലക്ഷൻ കമീഷണറെ യു.എ.പി.എ ചുമത്തി ജയിലിലടക്കാനുള്ള നിയമനിർമാണം നടത്തുമെന്നും അവകാശപ്പെടുന്നു.
ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അക്കൗണ്ട് നിരോധിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്ത പ്ലാറ്റ്ഫോമിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ മഹുവ മൊയ്ത്ര, കീർത്തി ആസാദ് അടക്കമുള്ളവർ പാർട്ടിയിൽ ചേർന്നു. ശശി തരൂർ, കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും കോക്രോച്ച് പാർട്ടിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
2020-23 കാലത്ത് ആം ആദ്മി പാർട്ടിയുടെ സമൂഹ മാധ്യമ സംഘത്തിൽ വളന്റിയറായിരുന്ന, ബോസ്റ്റൺ സർവകലാശാലയിൽനിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദമെടുത്ത അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് സി.ജെ.പിയുടെ സ്ഥാപകൻ. രാജ്യത്തെ വ്യവസ്ഥിതി അത്രമേൽ ചീഞ്ഞളിഞ്ഞിരിക്കുകയാണെന്നും ഇനി ‘പാറ്റകൾ’ പുറത്തുവരണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം വെബ്സൈറ്റിന് രൂപംനൽകിയത്. ‘‘ഞങ്ങളുടെ ദർശനങ്ങളും ആശയങ്ങളും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യയശാസ്ത്രപരമായി ഞങ്ങൾ ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ, ജാതിവിരുദ്ധ സംഘടനയാണ്. ഗാന്ധി, അംബേദ്കർ, നെഹ്റു എന്നിവരിൽനിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നത്’’ -അഭിജീത് നയം വ്യക്തമാക്കുന്നു.
ജനസംഖ്യയുടെ 65 ശതമാനത്തിലധികം വരുന്ന, 35 വയസ്സിന് താഴെയുള്ള യുവതയുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഉൾക്കൊള്ളാൻ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയാതെപോയതിന്റെ നിരാശയിൽനിന്നാണ് ഈ ‘മീം സറ്റയർ രാഷ്ട്രീയ’ത്തിന്റെ പിറവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

