ത്രിപുര മുഖ്യമന്ത്രി തീരുമാനമായില്ല
text_fieldsഅഗർതല: ത്രിപുരയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി തുടർഭരണം ഉറപ്പാക്കിയ ബി.ജെ.പിക്ക് പടലപ്പിണക്കം കാരണം മുഖ്യമന്ത്രിയെ തീരുമാനിക്കാനായില്ല. ഭിന്നത അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയെ നിയോഗിച്ചതായാണ് സൂചന. ത്രിപുര, നാഗാലാൻഡ് സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഹിമന്ത ബിശ്വ ശർമ ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഔദ്യോഗിക വസതിയിലെത്തി കണ്ടു. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും യോഗത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പ്രശ്നപരിഹാരകനാണ് ഹിമന്ത ബിശ്വ ശർമ. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി മണിക് സാഹയെ ഒരുവിഭാഗം പിന്തുണക്കുമ്പോൾ മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അനുയായികൾ ഉൾപ്പെടുന്ന മറ്റൊരു വിഭാഗം കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനുവേണ്ടി രംഗത്തിറങ്ങിയതാണ് പാർട്ടിയെ കുഴപ്പത്തിലാക്കിയത്. ഇക്കാര്യം പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട്.
നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാർ യോഗംചേരുമെന്നും എന്നാൽ, തീയതി ഇതുവരെ തീരുമാനിച്ചില്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ മാർച്ച് എട്ടിലെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
തിപ്ര മോതക്ക് കൂട്ടത്തോടെ വോട്ട് ചെയ്ത ഗോത്രവർഗ മേഖലകളെ കൈയിലെടുക്കാനുള്ള കഴിവും വിവാദത്തിൽപെടാത്തയാളുമായ മണിക് സാഹയോട് കേന്ദ്ര നേതൃത്വത്തിന് താൽപര്യമുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
അതിനിടെ ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ബനമാലിപൂർ നിയമസഭ മണ്ഡലത്തിൽ സംസ്ഥാന പാർട്ടി അധ്യക്ഷൻ റജിബ് ഭട്ടാചാര്യയെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ദീപക് കർ രാജിവെച്ചു. എന്നാൽ, ഇത്തവണ ബി.ജെ.പി സ്ഥാനാർഥി റജിബ് ഭട്ടാചാര്യ 1369 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ഗോപാൽ ചന്ദ്ര റോയിയോട് പരാജയപ്പെടുകയായിരുന്നു.
ബിപ്ലബ് ദേബിനെ മാറ്റി കഴിഞ്ഞവർഷം മാർച്ച് 14ന് സാഹ മുഖ്യമന്ത്രിയായപ്പോൾ, പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ മന്ത്രി രാം പ്രസാദ് പോളിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ബി.ജെ.പി നിയമസഭാംഗങ്ങൾ രോഷപ്രകടനം നടത്തിയിരുന്നു. കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി പ്രതിമ ഭൗമിക്, ധൻപൂർ നിയമസഭ സീറ്റിൽനിന്നാണ് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി ഭൗമികിനെ ഉപമുഖ്യമന്ത്രിയാക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകനും മുതിർന്ന പത്രപ്രവർത്തകനുമായ ശേഖർ ദത്ത അഭിപ്രായപ്പെടുന്നു. 60 അംഗ നിയമസഭയിൽ 32 സീറ്റുകൾ നേടി ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചപ്പോൾ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഒരു സീറ്റാണ് നേടിയത്. ദേബ് ബർമയുടെ തിപ്ര മോത 13 സീറ്റുകളും ഇടതു-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളും നേടി. തൃണമൂല്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.