ബി.ജെ.പിക്ക് വിഷയം നുഴഞ്ഞുകയറ്റംതന്നെ
text_fieldsബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ ബി.ജെ.പിയുടെ പതിവ് വിഭാഗീയ അജണ്ടയായ ‘നുഴഞ്ഞുകയറ്റം’ വീണ്ടും ശക്തമായ പ്രചാരണ ആയുധമായി മാറുകയാണ്. ബംഗ്ലാദേശിൽനിന്ന് മുസ്‍ലിംകളുടെ അനധികൃത കുടിയേറ്റം നടക്കുന്നുവെന്നാണ് ആരോപണം.
രണ്ടു പതിറ്റാണ്ടോളമായി ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) ഭരണകക്ഷിയും ജനതാദൾ-യു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയുമായി ‘ഇരട്ട എൻജിൻ’ സർക്കാറാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. എന്നിട്ടുമെന്തേ അതിർത്തി സുരക്ഷയും ഭരണവും നോക്കേണ്ടവർ പരാജയമാകുന്നുവെന്ന് ഇതേ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യം പ്രസക്തമാകുകയാണ്.
വർഗീയതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ചക്കില്ലെന്ന് അവകാശപ്പെടാറുള്ള നിതീഷ് കുമാർ പക്ഷേ, ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. നുഴഞ്ഞുകയറ്റമുണ്ടായെന്ന് ഒരിക്കലും സമ്മതിക്കാത്ത അദ്ദേഹം ബി.ജെ.പി ഉയർത്തുന്ന ആരോപണങ്ങളെ നിഷേധിക്കുന്നുമില്ലെന്നതാണ് വൈരുധ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിക്ക് വിജയമുറപ്പിക്കാനുള്ള രാഷ്ട്രീയ ആയുധമെന്ന നിലക്ക് നിരന്തരമായി നുഴഞ്ഞുകയറ്റം ഉപയോഗിക്കാറുണ്ട്. ഇതേകുറിച്ച് ചോദ്യമുയർത്തിയാൽ പക്ഷേ, ആരോപണം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു മേൽ ചാരി മാറിനിൽക്കുന്നതാണ് രീതി.
വർഗീയ ധ്രുവീകരണമെന്ന പരാതി ഒഴിവാക്കാൻ മുമ്പ് ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന് മതം പറയാതെയായിരുന്നു അമിത് ഷാ വിളിച്ചിരുന്നത്. എന്നാൽ, പരസ്യമായാണ് ഇപ്പോൾ വർഗീയത പറയുന്നത്. ‘‘നുഴഞ്ഞുകയറ്റക്കാരൻ മുസ്‍ലിമാണ്.അതിനാൽ, അവരെ രാജ്യത്ത് തങ്ങാൻ അനുവദിക്കണമെന്നാണോ? കോൺഗ്രസും ആർ.ജെ.ഡിയും പറയുന്നത് നുഴഞ്ഞുകയറ്റക്കാരൻ മുസ്‍ലിമാണെങ്കിൽ അവർ ഇവിടെ നിന്നോട്ടെ എന്നാണ്. എന്നാൽ, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കണമെന്നാണ് ഞങ്ങൾ പറയുന്നത്’’ -അമിത് ഷായുടെ വാക്കുകൾ ഇങ്ങനെ.
ആർ.ജെ.ഡിയോ കോൺഗ്രസോ ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടേയില്ലെന്ന് ഏവർക്കുമറിയാം. എന്നിട്ടും, രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയെക്കുറിച്ച ചോദ്യത്തിന് മറുപടിയിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ഗുജറാത്ത്, രാജസ്ഥാൻ, അസം പോലുള്ള സംസ്ഥാനങ്ങളിൽ എൻ.ഡി.എ സർക്കാറുകൾ നുഴഞ്ഞുകയറ്റം ഇല്ലാതാക്കിയെന്നും പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ഇത് തുടരുകയാണെന്നും ഷാ പറയുന്നു. അതിർത്തി സുരക്ഷയെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന വിഷയമാണ്.
മുസ്‍ലിംകൾ വഞ്ചകരെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
പട്ന: മുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. കേന്ദ്ര സർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരാണ് മുസ്ലിംകളെന്നും അവരെ വഞ്ചകർ എന്നേ വിശേഷിപ്പിക്കാനാവൂ എന്നുമാണ് ബിഹാറിലെ ബെഗുസറായ് മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.പിയായ ഗിരിരാജ് സിങ് പറഞ്ഞത്.
‘‘നിങ്ങൾക്ക് ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് ഉണ്ടോ എന്ന് ഞാൻ ഒരു മൗലവിയോട് ചോദിച്ചു. അയാൾ ഉണ്ടെന്ന് പറഞ്ഞു.എനിക്ക് വോട്ടുചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. വഞ്ചകരുടെ വോട്ട് എനിക്ക് വേണ്ടെന്ന് മൗലവിയോട് പറഞ്ഞു’’ -ഗിരിരാജ് സിങ്ങിന്റെ വിവാദമായ വാക്കുകൾ ഇതാണ്. ബി.ജെ.പി നേതാക്കൾക്ക് ഹിന്ദു, മുസ്ലിം എന്നല്ലാതെ വളരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, മെച്ചപ്പെട്ട ആരോഗ്യ -വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ആർ.ജെ.ഡി സംസ്ഥാന വക്താവ് മൃത്യുഞ്ജയ് തിവാരി വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

