Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടർപട്ടികയിൽ നിന്ന് നീക്കിയത് ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളുടെ പേരുകൾ; 10 ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്ന് ബോംബെ ഹൈകോടതി

text_fields
bookmark_border
വോട്ടർപട്ടികയിൽ നിന്ന് നീക്കിയത് ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളുടെ പേരുകൾ; 10 ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്ന് ബോംബെ ഹൈകോടതി
cancel

പനാജി: ഗോവയിൽ എസ്.ഐ.ആർ നടപടിയുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ പത്ത് ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്ന് ബോംബെ ഹൈകോടതി ഉത്തരവിട്ടു. പരെഷ് സാൽഗോങ്കർ അടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിർണായക ഉത്തരവ്. വ്യാഴാഴ്ച ജസ്റ്റിസുമാരായ വാൽമീകി മെനെസെസ്, അമിത് ജാംസന്ദേക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ഹരജി പരിഗണിച്ച ശേഷം പത്ത് ദിവസത്തിനകം പേരുകൾ പുനഃസ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി.

വടക്കൻ ഗോവയിലെ സാന്താക്രൂസ് നിയമസഭാ മണ്ഡലത്തിലെ നിവാസികളാണ് പരെഷ് സാൽഗോങ്കറും കുടുംബവും. അതേ മണ്ഡലത്തിൽത്തന്നെ മറ്റൊരിടത്തേക്ക് താമസസ്ഥലം മാറിയ ഇവർ വോട്ടർപട്ടികയിലെ വിലാസം തിരുത്തുന്നതിനായി ഫോം 8 സമർപ്പിച്ചിരുന്നു. 2025 ൽ എസ്.ഐ.ആർ നടപടിയുടെ പ്രാഥമിക കണക്കെടുപ്പിനുള്ള അവസാന തീയതിയുടെ രണ്ട് ദിവസം മുമ്പായിരുന്നു ഫോം സമർപ്പിച്ചത്. എന്നാൽ കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കാതെ കരട് വോട്ടർപട്ടികയിൽനിന്ന് ഇവരുടെ പേരുകൾ നീക്കം ചെയ്തു. പിന്നീട് 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നില്ല.

കരട് വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ ഫോം 6 സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു. ഇത് സമർപ്പിക്കാത്തതിനെത്തുടർന്നാണ് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത്. പിന്നാലെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. പുതിയ വോട്ടറായി പേര് ചേർക്കുന്നതിനും ആദ്യമായി വോട്ടർപട്ടികയിൽ ഉൾപ്പെടുന്നതിനുമാണ് ഫോം 6 ഉപയോഗിക്കുന്നത്. എന്നാൽ തങ്ങൾ നേരത്തേ തന്നെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നെന്നും മറ്റൊരു മണ്ഡലത്തിലേക്ക് താമസം മാറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ സാൽഗോങ്കർ, ഫോം 6 സമർപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും മനസ്സിലാക്കിയിരുന്നു.

എതിർപ്പുകൾ പരിഗണിക്കുന്നതിനുള്ള അവസാനഘട്ടത്തിലായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിന് പിന്നാലെ കോടതിയിൽ അപ്പീൽ നൽകാൻ കുടുംബത്തിന് അവസരം ലഭിച്ചില്ലെന്നും അഭിഭാഷകൻ വിവേക് റോഡ്രിഗസ് അറിയിച്ചു. സാധാരണ വോട്ടർപട്ടിക പുതുക്കൽ നടപടിയും എസ്.ഐ.ആറും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി ഹാജരായ അശുതോഷ് കുംബകോനി വാദിച്ചത്. എസ്.ഐ.ആർ നടപടിയിൽ ഓരോ വോട്ടറും വിവരശേഖരണ ഫോറം സമർപ്പിക്കേണ്ടതുണ്ടെന്നും കരട് പട്ടികയിൽ പേരില്ലാത്തവർ നിശ്ചിത രേഖകളും മറ്റും സഹിതം ഫോം 6 സമർപ്പിച്ച് അവകാശവാദങ്ങളും എതിർപ്പുകളും അറിയിക്കണമെന്നുമായിരുന്നു കമീഷന്റെ വിശദീകരണം. എന്നാൽ ഹരജിക്കാരുടെ വാദങ്ങൾ പരിഗണിച്ച ഹൈകോടതി കുടുംബത്തിലെ ഏഴ് പേരുടെയും പേരുകൾ പത്ത് ദിവസത്തിനകം വോട്ടർപട്ടികയിൽ പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയായിരുന്നു.

വോട്ടർപട്ടിക പരിഷ്കരണത്തിനിടെ നടപടിക്രമങ്ങൾ പാലിക്കുമ്പോൾ നിലവിലുള്ള വോട്ടർമാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും അവരുടെ അവകാശങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഗോവയിൽ നിന്നുള്ള ഈ വിധി ശ്രദ്ധേയമാകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Goa Court Orders Voter List Restoration
Next Story