ഇന്ത്യക്കായി ജീവൻ നൽകാൻ തയാർ -നാടുകടത്തലിൽനിന്ന് രക്ഷപ്പെട്ടയാൾ
text_fieldsജമ്മു: ഇന്ത്യക്കായി ജീവൻ നൽകാനും തയാറാണെന്നും ശത്രുരാജ്യത്തിലേക്ക് നാടുകടത്തില്ലെന്നാണ് വിശ്വാസമെന്നും ഹൈകോടതി സ്റ്റേ ചെയ്തത് കൊണ്ടുമാത്രം നാടുകടത്തലിൽനിന്ന് രക്ഷപ്പെട്ട പൊലീസുകാരൻ. പൂഞ്ച് ജില്ലയിലെ മെൻധാർ സബ്-ഡിവിഷൻ ഉദ്യോഗസ്ഥനായ ഇഫ്തിഖാർ അലിയും (45) എട്ട് സഹോദരങ്ങളുമാണ് ഹൈകോടതി ഇടപെടലിനെ തുടർന്ന് നാടുകടത്തലിൽനിന്ന് രക്ഷപ്പെട്ടത്.
‘താൻ ഇന്ത്യയെയും ജമ്മു-കശ്മീർ പൊലീസിനെയും സേവിക്കാൻ ജനിച്ചവനാണ്. തങ്ങൾ സൽവ ഗ്രാമത്തിലെ സ്ഥിരവാസികളാണ്. മാതാപിതാക്കളെയും പൂർവികരെയും ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്’ -ഇഫ്തിഖാർ അലി പറഞ്ഞു. 27 വർഷമായി ജമ്മു-കശ്മീർ പൊലീസിൽ സേവനം ചെയ്തിരുന്ന അദ്ദേഹത്തിന് ധീരത പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബം 1965ലെ യുദ്ധകാലത്ത് പാക് അധീന കശ്മീരിലേക്ക് പോയിരുന്നു. 1983ൽ തിരിച്ചെത്തി.
1997-2000 കാലയളവിൽ ജമ്മു-കശ്മീർ സർക്കാർ അവരെ സ്ഥിരവാസികളായി അംഗീകരിച്ചെങ്കിലും കേന്ദ്ര സർക്കാറിന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. 200ലധികം അംഗങ്ങളുള്ള കുടുംബത്തിൽ ചിലർ ഇന്ത്യൻ സൈന്യത്തിലും സേവനമനുഷ്ഠിക്കുന്നു. നാടുകടത്തൽ നടപടിക്കെതിരായ കേസിൽ തുടർ വിചാരണ മേയ് 20ന് നടക്കും.
നിയന്ത്രണ രേഖ അശാന്തം; ഒമ്പതാംദിവസവും വെടിവെപ്പ്
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ജമ്മു-കശ്മീരിലെ വെടിവെപ്പ് തുടരുന്നു. തുടർച്ചയായ ഒമ്പതാംദിവസമാണ് നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ വെടിവെപ്പ് തുടരുന്നത്. ഏറ്റുമുട്ടലിൽ ആർക്കും പരിക്കില്ല. അതേസമയം, അന്താരാഷ്ട്ര അതിർത്തിയിൽ വെടിവെപ്പ് നടന്ന ഒരു സംഭവം മാത്രമേയുള്ളൂ.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമായ സാഹചര്യം തുടരുകയാണ്. മേയ് രണ്ട്, മൂന്ന് തീയതികളിൽ രാത്രിയിൽ, കുപ്വാര, ഉറി, അഖ്നൂർ പ്രദേശങ്ങളിൽ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പ് തുടർന്നു. ഇന്ത്യൻ സൈന്യം ഉടൻ പ്രതികരിച്ചു- പ്രതിരോധ വക്താവ് പറഞ്ഞു. ഈ സാഹചര്യത്തിൽ മേഖലയിൽ താമസിക്കുന്നവർ ബങ്കറുകളും അനുബന്ധ സൗകര്യങ്ങളും വൃത്തിയാക്കാൻ തുടങ്ങി.
ഡൽഹിയിൽ ഉമർ-മോദി കൂടിക്കാഴ്ച
ന്യൂഡൽഹി: ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചർച്ച നടത്തി. പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ ചർച്ച ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടു. പഹൽഗാം ആക്രമണ ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.