മറയുന്നത് വ്യവസായരംഗത്തെ ഇന്ത്യൻ അതികായൻ; സ്വരാജ് പോളിന്റെ സംരംഭങ്ങൾ പടർന്നുപന്തലിച്ചത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ
text_fieldsസ്വരാജ് പോൾ പ്രസംഗിക്കുന്നു. ഇരുവശത്തുമായി മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും (ഫയൽ ചിത്രം)
ന്യൂഡൽഹി: സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്ത്, 1931ലാണ് സ്വരാജ് പോൾ പഞ്ചാബിലെ ജലന്ധറിൽ ജനിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസവും സയൻസ് ബിരുദവും നേടിയത് പഞ്ചാബിൽനിന്നുതന്നെ. പിന്നീട് മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനായി യു.എസിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് (എം.ഐ.ടി) പോയി.
പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങി കുടുംബ ബിസിനസിൽ ചേർന്നു. ഇവരുടെ വ്യവസായ സംരംഭമായ ‘ഏപീജെ സുരേന്ദ്ര’ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഗ്രൂപ്പുകളിലൊന്നാണ്. ഇന്ത്യയിൽ തുടരാനായിരുന്നു പദ്ധതിയെങ്കിലും വിധി കാര്യങ്ങൾ മാറ്റിമറിച്ചു. മകൾ അംബികക്ക് ചെറുപ്രായത്തിൽതന്നെ രക്താർബുദം പിടിപെട്ടു. അതിന്റെ ചികിത്സാർഥം 1966ൽ ബ്രിട്ടനിലേക്ക് പോയി. മകൾ മരണത്തിന് കീഴടങ്ങി. പിന്നാലെ മകളുടെ പേരിലുള്ള ഫൗണ്ടേഷൻ സ്ഥാപിച്ച് അതിന്റെ പ്രവർത്തനങ്ങളിൽ മുഴുകി. വ്യക്തിജീവിതത്തിലെ പ്രയാസങ്ങൾ സ്വരാജ് പോളിന്റെ വ്യവസായ വിജയത്തിന് തടസ്സമായില്ല. വെച്ചടിവെച്ചടി കയറ്റമായിരുന്നു. 2022ൽ ഭാര്യയുടെ മരണശേഷം ഫൗണ്ടേഷന്റെ പേര് അരുണ ആൻഡ് അംബിക ഫൗണ്ടേഷൻ എന്നാക്കി മാറ്റി.
ഇന്ത്യ-ബ്രിട്ടൻ ബന്ധം ഊഷ്മളമാക്കാൻ 1975ൽ ഇന്തോ-ബ്രിട്ടീഷ് അസോസിയേഷൻ സ്ഥാപിച്ചു. അതിന്റെ ചെയർമാനുമായിരുന്നു. ബ്രിട്ടീഷ് ഭരണതലത്തിലും സമൂഹത്തിലും നിരവധി പദവികൾ വഹിച്ചു. വിവിധ സംഭാവനകൾ പരിഗണിച്ച് ഇന്ത്യ 1983ൽ പദ്മഭൂഷൺ നൽകി ആദരിച്ചു. 80കളിൽ അദ്ദേഹം ‘എസ്കോർട്സ് ഗ്രൂപ്പും’ ‘ഡി.സി.എം ഗ്രൂപ്പും’ എറ്റെടുക്കാൻ നടത്തിയ ശ്രമങ്ങൾ വിവാദമാവുകയും സർക്കാർ ഇടപെടുകയും ചെയ്തിരുന്നു. ഉടമസ്ഥരുടെ താൽപര്യങ്ങൾ മറികടന്ന് വ്യവസായങ്ങൾ സ്വന്തമാക്കാനാകുംവിധം ദുർബലാവസ്ഥയിലാണ് രാജ്യത്തെ ഏറ്റെടുക്കൽ വ്യവസ്ഥകളെന്ന് വ്യക്തമായ ഘട്ടമായിരുന്നു അത്.
സർക്കാർ ഇടപെടലാണ് അന്ന് ഇന്ത്യൻ കമ്പനികൾക്ക് തുണയായത്. സമാനമായ ഏറ്റെടുക്കൽ ഉദ്യമങ്ങളുണ്ടാകാതിരിക്കാൻ ഇന്ത്യൻ കോർപറേറ്റ് ലോകം കൈകോർക്കുകയും ഇന്ത്യൻ ബിസിനസ് കുടുംബങ്ങൾ ചേർന്ന് ‘ബോംബെ ക്ലബ്’ എന്ന പേരിലറിയപ്പെട്ട കൂട്ടായ്മയുണ്ടാക്കുകയും ചെയ്തു. 1968ലാണ് ‘കപാറോ ഗ്രൂപ്’ സ്വരാജ് പോൾ ലണ്ടനിൽ സ്ഥാപിക്കുന്നത്. ഇന്ന് വടക്കൻ അമേരിക്ക, ഇന്ത്യ, പശ്ചിമേഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപന്തലിച്ച വ്യവസായ ഗ്രൂപ്പാണിത്. സ്വരാജ് പോളിന്റെ മൂന്ന് മക്കളായ അംബർ, ആകാശ്, അഞ്ജലി പോൾ എന്നിവരാണ് ഇപ്പോൾ വ്യവസായം നോക്കിനടത്തുന്നത്. 1996ൽ സ്വരാജ് പോൾ കപാറോ മാനേജ്മെന്റിന്റെ സജീവ ചുമതലകളിൽനിന്ന് ഒഴിവായിരുന്നു.
ഉരുക്ക് മേഖലയിൽ ഡിസൈൻ, നിർമാണം, മാർക്കറ്റിങ്, വിതരണം എന്നീ രംഗങ്ങളിൽ ലോകത്തെ വൻ ഗ്രൂപ്പാണ് കപാറോ. മൂല്യവർധിക ഉരുക്കുൽപന്നങ്ങൾ, വാഹന, എൻജിനീയറിങ് മേഖലക്കാവശ്യമുള്ള സാമഗ്രികൾ തുടങ്ങിയവയാണ് ഇവർ നിർമിക്കുന്നത്. 100 ശതമാനം ഒറ്റ കുടുംബത്തിന്റെ ഉടമസ്ഥതയുള്ള ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ്. 1994ൽ മാരുതിയുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി. ഇപ്പോൾ ഇന്ത്യയിൽ നിരവധി നിർമാണ യൂനിറ്റുകളുണ്ട്.
സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും പ്രതിസന്ധികളിലുഴലുന്ന സാധാരണക്കാരന് കൈത്താങ്ങായി നിൽക്കാനുള്ള മനസ്സുകാണിച്ച കോർപറേറ്റ് അതികായനായിരുന്നു സ്വരാജ് പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.