'സമുദ്ര മന്ഥൻ' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; എണ്ണ-വാതക പര്യവേക്ഷണത്തിന് 84,084 കോടി രൂപ
text_fieldsന്യൂഡൽഹി: മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും ആഗോള ഊർജസുരക്ഷയെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ആഭ്യന്തര എണ്ണ-പ്രകൃതിവാതക ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 84,084 കോടി രൂപ ചെലവിൽ 'സമുദ്ര മന്ഥൻ' (Samudra Manthan) ദേശീയ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
2030-31 സാമ്പത്തിക വർഷം വരെ ഇന്ത്യയുടെ വിശാലമായ ഓഫ്‌ഷോർ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന പദ്ധതി ഘട്ടം ഘട്ടമായിരിക്കും നടപ്പിലാക്കുക. ഇന്ത്യയുടെ സമുദ്രാതിർത്തിയിലെ വമ്പിച്ച ഊർജസമ്പത്ത് പ്രയോജനപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
'സമുദ്ര മന്ഥൻ' പദ്ധതിയിലൂടെ ഇന്ത്യയുടെ എണ്ണ-വാതക ശേഖരത്തിൽ 600 ദശലക്ഷം മെട്രിക് ടൺ ഓയിൽ ഇക്വിവലന്റ് (MMTOE)-ലധികം പുതിയ ശേഖരം കൂട്ടിച്ചേർക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഓഫ്‌ഷോർ പര്യവേക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ആഭ്യന്തര എണ്ണ-വാതക ഉൽപാദനം ഗണ്യമായി വർധിപ്പിക്കാനും സാധിക്കും.
നിലവിൽ ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഹുർമുസ് കടലിടുക്ക്, റെഡ് സീ, ബ്ലാക്ക് സീ തുടങ്ങിയ പ്രധാന സമുദ്രപാതകളിൽ തടസ്സങ്ങൾ ഉണ്ടായാൽ ഊർജവിതരണം ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കമാണ് ഈ പദ്ധതി. ഇതിലൂടെ പ്രതിവർഷം 10 മുതൽ 15 MMTOE വരെ അധിക ഉൽപാദനം ലഭിക്കുകയും ഭാവിയിൽ അത് 20 MMTOE വരെ ഉയരാനുള്ള സാധ്യതയുമുണ്ട്.
പദ്ധതി നടപ്പാകുന്നതോടെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. 'മേക്ക് ഇൻ ഇന്ത്യ*യും 'ആത്മനിർഭർ ഭാരത്' പദ്ധതികളും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ആഭ്യന്തര നിർമ്മാണമേഖലയെ പ്രോത്സാഹിപ്പിക്കാനും ഓഫ്‌ഷോർ സാങ്കേതികവിദ്യകളിലും സേവനമേഖലയിലും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ശക്തമായ ഒരു വ്യവസായ ആവാസവ്യവസ്ഥയും രൂപപ്പെടുത്താനുമാണ് ലക്ഷ്യം.
അതോടൊപ്പം, എണ്ണ-വാതക പര്യവേക്ഷണത്തിലും ഉൽപാദന മേഖലയിലും വൻതോതിൽ നിക്ഷേപങ്ങൾ ആകർഷിക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ വ്യവസായ വികസനം, സാങ്കേതിക നവീകരണം, ദീർഘകാല സാമ്പത്തിക വളർച്ച എന്നിവക്ക് പുതിയ അവസരങ്ങൾ തുറക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

