നെല്ലിന് താങ്ങുവില ക്വിന്റലിന് 69 രൂപ വർധിപ്പിച്ചു
text_fieldsന്യൂഡൽഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 69 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. നെല്ല്, ചോളം, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി ഉൾപ്പെടെ 14 ഖാരിഫ് വിളകള്‍ക്ക് താങ്ങുവില ഉയർത്താൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി.
2024-25ലെ കാർഷിക വിപണന സീസണിൽ നെല്ലിന് ക്വിന്റലിന് 2300 രൂപയായിരുന്നു താങ്ങുവില. ഇത് 2025 -2026 സീസണിലേക്ക് 69 രൂപ വർധിപ്പിച്ചതോടെ ക്വിന്റലിന് താങ്ങുവില 2369 രൂപയാകും. പയര്‍വര്‍ഗങ്ങളില്‍ തുവരയുടെ താങ്ങുവില ക്വിന്റലിന് 450 രൂപ വര്‍ധിപ്പിച്ച് 8000 രൂപയാക്കി ഉയർത്തി. ഉഴുന്ന് ക്വിന്റലിന് 400 രൂപ വര്‍ധിപ്പിച്ച് 7800 രൂപയും ചെറുപയർ ക്വിന്റലിന് 86 രൂപ വര്‍ധിപ്പിച്ച് 8768 രൂപയുമാക്കി.
റാഗിയുടെ താങ്ങുവില ക്വിന്റലിന് 596 രൂപ വർധിപ്പിച്ച് 4886 രൂപയായും, ചോളത്തിന് ക്വിന്റലിന് 175 രൂപ വർധിപ്പിച്ച് 2400 രൂപയായും ഉയർത്തി. 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് 2025 -2026 വർഷത്തെ താങ്ങുവില വർധിപ്പിച്ചത്. മൊത്തം 2.07 ലക്ഷം കോടി രൂപയുടെ മിനിമം താങ്ങുവില പാക്കേജാണ് മന്ത്രിസഭ സമിതി അംഗീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.