ശ്രീരംഗപട്ടണത്തെ ജാമിഅ മസ്ജിദ് തകർക്കാൻ ആഹ്വാനം; ഋഷികുമാരസ്വാമി അറസ്റ്റിൽ
text_fieldsഋഷികുമാരസ്വാമി ശ്രീരംഗപട്ടണത്തെ മുസ്ലിം പള്ളിക്കു മുന്നിൽനിന്ന് സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യം
ബംഗളൂരു: ശ്രീരംഗപട്ടണത്തെ പുരാവസ്തു വകുപ്പിനു കീഴിലുള്ള ജാമിഅ മസ്ജിദ് തകർക്കാൻ ആഹ്വാനംചെയ്ത കർണാടകയിലെ ഋഷികുമാര സ്വാമി അറസ്റ്റിൽ. ചരിത്ര പശ്ചാത്തലമുള്ള മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്യുകവഴി വർഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമർശം നടത്തിയതിനാണ് അറസ്റ്റ്.
ബാബരി മസ്ജിദ് തകർത്തപോലെ ശ്രീരംഗപട്ടണത്തെ മുസ്ലിംപള്ളിയും തകർക്കണമെന്നും ഹനുമാൻ ക്ഷേത്രം നിർമിക്കണമെന്നും പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഹാസനിലെ അരസികരെ കേന്ദ്രമായുള്ള കാളിമഠാധിപതിയായ ഋഷികുമാര സ്വാമിയെ ചിക്കമകളുരുവിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച വൈദ്യപരിശോധനക്കുശേഷം ശ്രീരംഗപട്ടണത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ച് സ്വാമിയെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജാമിഅ മസ്ജിദിലെ സുരക്ഷ ജീവനക്കാരനായ യതിരാജിന്റെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
ശ്രീരംഗപട്ടണത്തെ മുസ്ലിം പള്ളിക്കു മുന്നിൽനിന്നാണ് വിഡിയോ തയാറാക്കി തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ മസ്ജിദ് ഒരുകാലത്ത് ഹനുമാൻ ക്ഷേത്രമായിരുന്നുവെന്നും ഇതിന്റെ വാസ്തുവിദ്യ ക്ഷേത്രങ്ങൾക്ക് സമാനമായിരുന്നുവെന്നുമാണ് വിഡിയോയിലൂടെ സ്വാമി അവകാശപ്പെട്ടത്.
തുടർന്ന് ബാബരി മസ്ജിദ് തകർത്തപോലെ ഇതും തകർക്കണമെന്നും ഹിന്ദുജനങ്ങൾ ഉണരണമെന്നും ഏറ്റവും പ്രധാനമായി ഇക്കാര്യം ചെയ്യണമെന്നും സ്വാമി ആവശ്യപ്പെടുകയായിരുന്നു. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും ഇവിടെ ഹനുമാൻ ക്ഷേത്രം നിർമിക്കുമെന്നും ഋഷികുമാര സ്വാമി ആവർത്തിച്ചു.
ഇവിടെ ഹനുമാൻ ക്ഷേത്രം നിർമിക്കുന്നതുവരെ ഹിന്ദുത്വ സംഘടനകൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്നട ബിഗ് ബോസ് ടി.വി റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഋഷികുമാര സ്വാമി നേരേത്തയും വിവാദ പ്രസ്താവന നടത്തിയിട്ടുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.